അങ്ങിനെ ചേരമാൻ എന്ന രാജാവു ൩൬ കാലം വാണതിന്റെ ശേഷം ബ്രാഹ്മണർ പരദേശത്തു ചെന്നതുമില്ല. ചേരമാൻ പെരുമാളെ കണ്ടതുമില്ല എന്നു കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കുവാൻ തക്കവണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു. ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെന്നു, ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടുവന്നു പട്ടാഭിഷേകം ചെയ്തു, ൧൨ ആണ്ടു നാടു രക്ഷിച്ച ശേഷം. കലിയുഗത്തിന്റെ ആരംഭം വർദ്ധിക്കകൊണ്ടു ബ്രാഹ്മണരും അവിടെ പെട്ട പ്രജകളും രണ്ടു പക്ഷമായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ത മര്യ്യാദയെ ഉപേക്ഷിച്ചു, പിന്നേയും ചേരമാൻ പെരുമാൾ തന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയും ചെയ്തു. പരശൂരാമമര്യ്യാദയെ ഉപേക്ഷിക്ക കൊണ്ട് ൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു. അങ്ങിനെ ചേരമാൻ പെരുമാൾ രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ ഒപ്പം രക്ഷിക്കേണ്ടുന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക എന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും കല്പിച്ചു. ആനമല കയറി കാനത്തിൽ കിഴിഞ്ഞു, കോട്ട ഇട്ടുറപ്പിക്കയും ചെയ്തു. അപ്രകാരം ചേരമാൻ പെരുമാൾ കേട്ടം ശേഷം കേരളത്തിലുള്ള തന്റെ ചേകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പടനായകന്മാരെയും തൃക്കടമതിലകത്ത് വരുത്തി യോഗം തികച്ചു തരവൂർ നാട്ടിൽ എഴുന്നെള്ളി, രായരുടെ കോട്ട കളയേണം എന്നു കല്പിച്ചു, പല പ്രകാരം പ്രയത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗതി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും ചെയ്തു.

അനന്തരം ബ്രാഹ്മണരും പെരുമാളും തൃക്കാരിയൂർ പൊന്മാടത്തിങ്കീഴിൽ ശ്രീ നാവാക്ഷേത്രത്തിൽ അടിയന്തരസഭയിന്ന് നിരൂപിച്ച് ൧൭ നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു, പടയിൽ ജയിപ്പാന്തക്കവണ്ണമുള്ള ചെയ്യിപ്പിച്ചു കൊണ്ടു ദിഗ്വിജയം ഉണ്ടായിട്ടാരുള്ളു എന്നു അന്വേഷിച്ച ശേഷം, ക്ഷത്രിയസ്ത്രീയുടെ മകനായ കരിപ്പത്തു കോവിലകത്ത് ഉദയവർമ്മൻ എന്ന തമ്പുരാന്നു ദിഗ്ജയം ഉണ്ടെന്നു കണ്ടു പൂനൂറയിൽ മാനിച്ചൻ എന്നും വിക്കിരൻ എന്നും ഇരിവർ എറാടിമാർ അവരെ കൂട്ടി കൊണ്ടു പോന്നാൽ പട ജയിക്കും എന്നു കണ്ടു, കൂട്ടി കൊണ്ടു പോരുവാൻ ആര്യ ബ്രാഹ്മണരുടെ കൈയിൽ അടയാളം എഴുതി അയക്കയും ചെയ്തു. അവർ പൂനൂറയിൽ ചെന്നു അന്വേഷിച്ചാറെ, എഴുത്തു പള്ളിയിൽ എന്നു കേട്ടു. അവിടെ ചെന്നു കണ്ടു, ഇരിവർ എറാടിമാരേയും എഴുതിക്കും എഴുത്തച്ഛൻ തൊടുവക്കളത്ത ഉണ്ണിക്കുമാരനമ്പിയാരെയും കണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്ഥയും പറഞ്ഞു.