പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത് അശുവിനു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കോനും (ഇരിവർ ഏറാടിമാരും) മാനിച്ചൻ കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്രകൂടത്തിൽ) ചെന്നു പെരുമാളെ കാണും പോഴെക്ക്, രാജ്യം വേണ്ടപ്പെട്ട ജനങ്ങൾക്ക് പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ) എന്നു പെരുമാൾ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ പെരുമാൾ വള്ളുവ കോനാതിരിയെ കൂട നിർത്തി പൊൻ ശംഖിൽ വെള്ളം പകർന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ വഴിയും (കാതിയാർ മുതലായ ജോനകരേയും മക്കത്തെ കപ്പൽ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിൻ (മുന)മേൽ നീരും പകർന്നു കൊടുത്തു. “നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക” എന്നാജ്ഞയും “ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മേൽകോയ്മ സ്ഥാനം നടത്തി കോൾക” എന്നനുജ്ഞയും കൊടുത്ത ശേഷം, കൈനിറയെ വാങ്ങി പൂന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു കൊണ്ടാൻ. തൊടുവിക്കളത്ത് ഉണ്ണിക്കുമാരനമ്പിയാർ, അന്നേരം പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻ മേനോൻ എന്നും കുന്നല കോനാതിരിക്ക ഇളങ്കൂറുനമ്പിയാതിരി തിർമുല്പാടെന്നും അരുളിചെയ്തു. അന്നു പരമധാനിയും പതാനി പള്ളിമാറടിയും വെങ്കൊറ്റ കുടപിടിപ്പിക്ക, വെള്ളിക്കാളം വിളിപ്പിക്ക, ആലവട്ടം വെഞ്ചാമരം വീശിക്ക, കള്ളരേയും ദുഷ്ടരേയും ശിക്ഷിക്ക, പശുക്കളേയും ബ്രാഹ്മണരേയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും രക്ഷിക്ക, നാട്ടടക്കവും ൧൮ ആചാരവും കുത്തുവിളക്കു, പന്തക്കിഴയും, മുത്തുക്കുടയും, പച്ചത്തഴയും, അനുപമകൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗങ്ങളും കൊടുത്തു “അറയും തുറയും തളയും ആമവും കഴുവും തീർത്തു തളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാരത്തോടും കൂടി ഏകഛത്രാധിപതിയായി ആഴിചൂഴും ഊഴിയിങ്കൽ കുമാരി ഗോകർണ്ണം പര്യന്തം അടക്കി വാണുകോൾക” എന്നരുളിച്ചെയ്തു. നരപതിയംശത്തോട കൂടി ആറെട്ടു വട്ടം കേട്ടി വാഴുവാന്തക്കവ്വണ്ണം മാനിച്ചന്നു വാളും വിക്രമന്നു നീരും കൊടുത്തു. അതു കണ്ടപ്പോൾ വള്ളുവകോനാതിരി ചേരമാൻ പെരുമാളോടുണർത്തിച്ചു “വെട്ടി ജയിച്ചു കൊൾക എന്നിട്ടല്ലോ വാൾകൊടുത്തതു. ഇനി എനിക്കൊരു രക്ഷ കല്പിക്കേണം” എന്നാറെ, പെരുമാൾ ആകട്ടെ “തടുത്തുനിന്നു കൊൾക” എന്നു കല്പിച്ചു, വള്ളുവകോനാതിരിക്ക് പലിശയും കൊടുത്തു, പലിശക്കു മൂന്നു വെട്ടും കൊടുത്തു. ജയിപ്പാനായിട്ട് വാളും തടത്തു രക്ഷിപ്പാനായി പലിശയും കൊടുത്തു പോകകൊണ്ടു ഇന്നും വള്ളുവകോനാതിരിയോട് പടകൂടിക്കൂടാ. വേണാടടികളം കോലത്തിരിയും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് എശുപെട്ടു കൊൾക എന്നും അരുളിചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്കയും ചെയ്തു. ഇങ്ങിനെ ൧൭ നാട്ടിലും ൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശേഷം നമ്പി, നമ്പിടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങിനെ ഉള്ള വർക്ക് ഓരൊ ദേശം കൊടുത്തു. അവർ ഓരോ സ്വരൂപത്തിങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാളർക്കും പല നാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും വാഴുന്നൊർ കർത്താ, കമ്പമ്മികികൾ, നായർ, മേനോൻ, പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുകളും കല്പിച്ചു. ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും വാട്ടം വരാതെ നടത്തേണം എന്നും മർയ്യാദയും ആചാരവും പട്ടോലപ്പെടുക്കേണം എന്നും ൪ ആളോടു കല്പിച്ചു. ൧ വെണനാട്ടു തൃപ്പാസ്വരൂപത്തിങ്കൽ കല്ക്കുളത്ത്. ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള, ൨ പെരിമ്പടപ്പിൽ വാലിയത്തു മേനോൻ. ൩ ഏറനാട്ടു, നെടിവിരിപ്പിൽ മങ്ങാട്ടുരയരച്ചമേനോൻ, ൪ കോലത്തിരി സ്വരൂപത്തിൽ പുതിശ്ശേരി നമ്പിയാർ, നാട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശേഷം ൩ ആളും മേനോന്നു വഴക്കം ചെയ്യേണം. കർക്കട വ്യാഴം മകരമാസത്തിൽ വരുന്ന സൽ‌പൂയത്തിന്നാൾ തിരുനാവായി മണല്പുറത്ത് ഈ നാലു പട്ടൊലക്കാരരും ഒരു നിലയിൽ കൂടി ഇരുന്നു. ൪ പട്ടോലയും നിവിർന്നു കന്യാകുമാരി ഗോകർണ്ണത്തിന്നകത്ത് അഴിയുന്ന മർയ്യാദയും അടുക്കും ആചാരവും മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളേയും പ്രജകളേയും പ്രഭുക്കന്മാരെയും ബോധിപ്പിച്ചും വള്ളുവകോനിൽ തൃക്കൈകുടെക്കു വേലയായി ൧൭ നാട്ടിലെ പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു മഹാ മഖ വേല നടത്തേണം എന്നു കല്പിച്ചു. പതിനേഴു നാട്ടിലുള്ള മാടമ്പികളും നാടടക്കി, വളർഭട്ടത്തകോട്ടയിൽ പുരുഷാന്തരത്തിങ്കൽ രാജ്യഭിഷേകത്തിന്നു കെട്ടും കിഴിയും ഒപ്പിച്ചേപ്പൂ എന്നും കോലത്തിരി വടക്കമ്പെരുമാളുടെ തൃക്കാലു കണ്ടു വഴക്കം ചെയ്‌വു എന്നും അരുളിച്ചെയ്തു.