വള്ളുവകോനോതിരിയെ ജയിച്ചതു: 

 

കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശിവമയൻ) എന്ന സന്യാസിയുടെ അരുളപ്പാടാൽ തളിയിൽ കർമ്മദാനങ്ങൾ ചെയ്തു, ബ്രാഹ്മണരുടെ അനുഗ്രഹത്തോടും കൂടി തളിയും സങ്കേതവും രക്ഷിച്ചു, മക്കത്ത് കപ്പൽ വെപ്പിച്ചു, തിരുനാവായി മണപ്പുറത്ത് നിന്ന് മഹാ മകവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയിരിപ്പിൽ സ്വരൂപം അടക്കി നടത്തി) വള്ളുവകോനാതിരി രാജാവിനെ നീക്കം ചെയ്തു, നേരും ന്യായവും നടത്തി, ൧൭ നാടും അടക്കി, ൧൮ കോട്ടപ്പടിയും അടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വരൂപം.

മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി, ഒരു ബാപ്പയ്ക്ക് പിറന്നവർ ഇടഞ്ഞപ്പോഴെ അവരുടെ ബാപ്പാ മൂത്തവനോട് പറഞ്ഞു “നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നിന്നെ വധിക്കും; എൻറെ ശേഷത്തിങ്കൽ അതുകൊണ്ട് നിങ്ങൾ ഇരുവരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീപാന്തര ത്തിങ്കൽ പോയി, നിന്റേടം കഴിക്ക അത്രെ നിണക്ക് നല്ലതു. അതിന്നു നിണക്ക് പൊറുപ്പാൻ മാത്രം പൊന്നു തരുന്നുണ്ടു എന്നു പറഞ്ഞു, ഒരു കപ്പലിൽ പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു. അവൻ അനേകം രാജ്യങ്ങളിൽ ചെന്നു, അവിടവിടെ വാഴും രാജാക്കന്മാരെ കണ്ടു, തിരുമുല്ക്കാഴ്ച വെച്ചാൻ. അതൊ എന്തെല്ലാം കാഴ്ചവെച്ചു, അച്ചാറു പൂശി പെട്ടിയിൽ പൊന്നും വെച്ചടച്ചു, അച്ചാറെന്നു പറഞ്ഞ് വെക്കും. അങ്ങിനെ വെപ്പാൻ കാരണം: അവരവരുടെ നേരും നേരുകേടും തിരിച്ചറിഞ്ഞ് വിശ്വസിപ്പാനായിട്ട് (നേരുള്ളിടത്ത് തനിക്കിരിപ്പാൻ) അവരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു. രാജാക്കൾ ആരും അതിനു നേരെ പറഞ്ഞില്ല. പിന്നെ പൂന്തുറക്കോനെ കണ്ടു വെച്ചവാറെ, പറഞ്ഞു, ഇതാ ഇതു നിന്നോടു പകർന്നു പോയി ഇതച്ചാറല്ല, സ്വർണ്ണം (ആകുന്നു) “എന്നു പറഞ്ഞവാറെ, വിശ്വസിപ്പാൻ നന്നു” എന്നു വന്നു ബോധിക്കയും ചെയ്തു. ഇങ്ങിനെ കോഴിക്കോട്ടെ കോയ (കൊശ) വന്ന പ്രകാരം. ഒരു നാൾ വില്വമംഗലത്തു ശിവാങ്ങൾ (ശിവമയന്മാർ) വടക്ക് നിന്നു രാമേശ്വരത്തിന്നാമാറ് എഴുന്നെള്ളുമ്പോൾ, കോഴിക്കോട്ട് തളിയിൽ പൂന്തുറക്കൊൻ തന്റെ വർത്തമാനം കേൾപ്പിച്ച നേരം ശിവാങ്ങൾ അരുളിച്ചെയ്തു, ” സ്ഥലത്തിന്നും  സ്വരൂപത്തിന്നും വരുന്നോരനർത്ഥം പോവാനായ്ക്കൊണ്ട് ദാനധർമ്മാദികളും ചെയ്യിപ്പിക്കയും വേണം” എന്നാറെ, “അതൊ എങ്ങിനെ” എന്നും “എന്തെല്ലാം വേണ്ടുവത്” എന്നും ഉണർത്തിച്ചവാറെ, ശിവാങ്ങൾ അരുളിച്ചെയ്തു: