ഗോകർണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷേത്രങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ; അതിൽ കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപേരൂർ, വയറു തൃക്കളയൂർ, പിന്നെ തിരുനാവായി, തൃപ്പങ്ങോട്ടു, തിരുവനന്തപുരം, തൃച്ചമ്രം, തിരുവില്വാമല, ഗുരുവായൂർ, തിരുപഞ്ചക്കുളം, ആലത്തൂർ, മണ്ണൂർ, പോലൂർ, പേരൂർ, പന്നിയൂർ, പറവൂർ, പെരുമനം, തളിയിലും, തളിപ്പറമ്പു, കുഴിയൂർ, നെല്ലൂർ, ഐരാണിക്കര, തിരു, മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ, പന്നിയങ്കര, മരുതൂർ, മണ്ണിയൂർ, കല്ലൂർ, തലക്കുളത്തൂർ‌, ചെളങ്ങൂർ, തൃക്കട, തൃക്കാരിയൂർ, കാഞ്ഞിരങ്ങാട്ടു, കരിങ്കട, കൊടീശ്വരം, ഉടുപ്പു, ശങ്കരനാരായണം, ഗോകർണ്ണം. പിന്നെ ഭദ്രകാളിവട്ടങ്ങൾ കുന്നത്തും, കോട്ടിക്കുന്നത്തും, പരക്കൽ, മഞ്ചെരി, വെട്ടത്തും, കോട്ടയകത്തും, കൊടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇന്തിയനൂർ, പോർകോട്ടച്ചെരി, മാടായി, ചിറക്കൽ, നീലമ്പറ, നീലേശ്വരം, മടപ്പള്ളി, പുതുപട്ടണം, പുത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരുവളയാട്ട എന്നിങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരളത്തിൽ വന്നു ഉലങ്കിഴിഞ്ഞൊരു ഭഗവതിയും തമ്പുരാട്ടിമാരും ദേവൻമാരും വാണരുളും കാലം കേരളത്തിൽ വസിക്കും മാനുഷർക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു രക്ഷിച്ചുവരുന്നു. ഓരൊ ബന്ധേന ശ്രീ മഹാദേവങ്കൽനിന്നുണ്ടായ മൂർത്തികൾ: അയ്യപ്പൻ, ഉച്ചമഹാകാളൻ, മാളൻ, അന്തിമഹാകാളൻ, മുണ്ടിയൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ, ഭ്രാന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുകണ്ടൻ, മലയുടവൻ, ദണ്ഡൻ, കയറൻ, ഗുളികൻ, കുട്ടിച്ചാത്തൻ, (ശാസ്താവ്) ക്ഷേത്രപാലൻ, ചാമുണ്ഡി ഇങ്ങിനെ ഉള്ള പരദേവതമാരും വനദേവതമാരും ഗണപന്മാരും ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്ന പരശുരാമക്ഷേത്രത്തിങ്കൽ വസിക്കുകയും ചെയ്യുന്നു.