ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപെട്ടൊരു കർമ്മഭൂമിയിങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു നന്നായിരുന്നു കൊണ്ടു തങ്ങൾക്കുള്ള നിയമാദി ക്രിയകൾ ഒക്കയും കഴിച്ചു മറ്റും മഹാ ലോകർക്കും വരുന്ന അല്ലലും മാഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യേണ്ടും , ഹോമവും ധ്യാനവും ഭഗവതി സേവ, പുഷ്പാഞ്ജലി, അന്ത്യനമസ്കാരം, ത്രികാലപൂജ, ഗണപതിഹോമം, മൃത്യ്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം, ധാന്വന്തരം, ഗ്രഹശാന്തി, സഹസ്രഭോജനം എന്നിങ്ങനെ അനേകം കഴിച്ചു സുകൃതം വർദ്ധിപ്പിക്ക എന്നു ശ്രീപരശുരാമൻ വേദബ്രാഹ്മണരോട അരുളിചെയ്തും എന്നു വേദബ്രാഹ്മണരും കൈ ഏൽക്കുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വർഗവാസികൾക്കു തുല്യം പോൽ എന്നു കേട്ടു, പല ദിക്കിൽ നിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ പോന്നു വന്നതിന്റെ ശേഷം, ശ്രീ പരശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പല ദേശത്തും പല സ്ഥാനങ്ങളും കൽ‌പ്പിച്ചു കൊടുത്തു. വേദബ്രാഹ്മണർ അർദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാനം വാങ്ങി, അവരുടെ പേർക്ക് ഓരൊ ദേശമാക്കി ദേശത്തിൽ ഓരോരു ക്ഷേത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബിംബത്തിങ്കൽ പൂജയും ശിവവേലിയും കഴിച്ചു, നിറമാലയും ചാർത്തി, തങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാനദൈവത്തേയും സ്ഥലപരദേവതമാരെയും കുടിവെച്ചു, ഊർപ്പള്ളിദൈവത്തെ കുടിവെച്ചു. അവിടവിടെ ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു, പലദിക്കിൽ നിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവർക്ക് പല മര്യാദയും കൽ‌പ്പിച്ചു കൊടുത്തു; ദേശത്തെ അടിമയും കുടിമയും ഉണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേതവും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അവരെ കൊണ്ട ഓരൊ കണ്ണും കൈയും കല്പനയും കല്പിച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാർക്ക് കീഴായ്ക്കൂറും തങ്ങൾക്ക് മേലായ്ക്കൂറും മേലാഴിയും കുടിയാർക്ക് കാണവും തങ്ങൾക്ക് ജന്മവും കല്പിച്ചു, കാണജന്മമര്യാദയും നടത്തി, ബ്രാഹ്മണാചാരവും ശൂദ്രമര്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീർപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും പിതൃപൂജയും കല്പിച്ചു, നേരും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വേദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധർമ്മങ്ങളും ചെയ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ അർദ്ധബ്രാഹ്മണർ ഭൂമിദാനം വാങ്ങുകകൊണ്ടും വീരഹത്യാദോഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതിബ്രാഹ്മണത്വം കുറഞ്ഞു പോയിരിക്കുന്നു. അർദ്ധബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പടകൂടുകയും അകമ്പടി നടക്കുകയും ചെയ്യും; അതുകൊണ്ടു വാൾ നമ്പിയായതു. പട്ടിണി നമ്പിയ്ക്ക് ശംഖും കുടയും അല്ലാതെ, മറ്റൊരായുധമില്ല; അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞനം കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി വെച്ചു പാർക്കുകെ ഉള്ളൂ; വാൾനമ്പിയെ കൂടെ സമീപത്തിൽ നിർത്തുകയും ചെയ്യും.