iii

ധരിത്രിയിമ്മട്ടിൽച്ചമച്ചു നാന്മുഖൻ
പെരുത്തു ധന്യനായ്ക്കരുതിനാൻ തന്നെ.
പുതിയൊരമ്പലമിതേതു ദേവൻ തൻ-.
പ്രതിഷ്ഠയാലിനിസ്സനാഥമാകാവൂ?
തനയരേവരെ പ്രസവിച്ചിദ്ദേവി
ജനനസാഫല്യം ക്ഷണത്തിൽ നേടാവൂ?
ക്രമത്തിലിത്ഥമോർത്തജൻ ജനിപ്പിച്ചാൻ
കൃമിസരീസൃപവിഹങ്ഗമങ്ങളെ;
അകമലരതിലതൃപ്തമാകയാൽ
മൃഗങ്ങളെത്തീർത്താൻ വിവിധരൂപത്തിൽ;
അതിലും തുഷ്ടിവിട്ടൊടുവിൽ നിർമ്മിച്ചാൻ
മതിവച്ചീശ്വരൻ വലീമുഖന്മാരെ.
ജനിച്ചു തൽസൃഷ്ടപ്രപഞ്ചസൗധത്തിൽ
തനിപ്പൊൻതാഴികക്കുടങ്ങളായ് ഞങ്ങൾ;
ഭരിച്ചു പാരിതു പലനാൾ മാമകർ;
ധരിത്രി പിന്നെയും “സസേമിരാ” തന്നെ.
“വസുന്ധരേ! വത്സേ! ഭവതിയെ,ങ്ങെങ്ങീ–
യസുന്ദരങ്ങളാം കുരങ്ങിൻ കൂട്ടങ്ങൾ?
ഇവറ്റയെക്കൊണ്ടെന്തുയർച്ച നേടുമോ
ഭവതി? ഞാനെത്ര മടയനായ്പോയി?”

 

ത്വരിതമിത്ഥമോർത്തിയറ്റിനാൻ മന്നിൽ
വിരിഞ്ചൻ മറ്റൊരു വിശിഷ്ടജീവിയെ.
അതാണു മാനുഷൻ; അവന്റെ സൃഷ്ടിയാൽ
കൃതാർത്ഥമാനിയായ്ച്ചമഞ്ഞ ലോകേശൻ
കിരീടവും സിംഹാസനവും ചെങ്കോലും
ധരിത്രിവാഴുവാനവന്നു നൽകിനാൻ.
അടച്ചു നാടുവിട്ടിറങ്ങി ഞങ്ങളു–
മടവിതന്നുള്ളിലടകുടി പൂകി.
വളരെക്കാലമായ്, വളരെക്കാലമാ,-
യിളയിൽ ഞങ്ങൾക്കീയിളിഭ്യപ്പേർ കിട്ടി.
അതുമുതൽ ഞങ്ങൾ ചുഴിഞ്ഞുനോക്കുന്നു
കൃതികൾ നിങ്ങൾതൻ കൃതികളോരോന്നും.

iv

“വിശേഷബുദ്ധിയും, വിചാരശക്തിയും,
വിചിത്രസിദ്ധികൾ പലതു വേറെയും
അജനരുളിപോൽക്കനിഞ്ഞു മാനുഷ–
ന്നവനെത്തൻ പ്രതികൃതിയിൽത്തീർന്നുപോൽ.
ഫലമന്തുണ്ടായി? പയോജയോനിതൻ
പല മനോരഥമെവിടെച്ചെന്നെത്തി?
മരുത്തു, വിദ്യുത്തു, പയസ്സു ധൂമമി–
ത്തരത്തിൽ വാച്ചിടും പ്രകൃതിശക്തികൾ,
നരന്നു കിങ്കരപ്രവൃത്തിചെയ്തു തൽ–
സരണിയിൽ പട്ടാംബരം വിരിക്കുന്നു;
പരിമൃദുമലർനിര വിതറുന്നു!
പരിമളദ്രവത്സരിയൊഴുക്കുന്നു;
പുകക്കപ്പലിന്നു കടലെറുമ്പുചാൽ
ഗഗനവീഥിക്കു ഗരുഡനെയറോപ്ലേയ്ൻ;
വയർലെസ്സർപ്പിക്കും ശ്രുതി മഹാത്ഭുതം;
“സയൻസി”നാൽ മർത്ത്യൻ സമഗ്രവീര്യവാൻ!

v

“സകലവും ഭദ്രം നരന്നു ചുറ്റുപാ,–
ടകക്കാമ്പൊന്നു താനഭദ്രമത്യന്തം;
എതിങ്കൽ വേണമോ വികാസ,മേതുമി–
ല്ലതിങ്കലായതിൻ കണികപോലുമേ.
പഴയവൻ മർത്ത്യൻ ഹൃദയത്തിൽ; പോരാ
പഴയവനെക്കാൾ പതിതൻ മേൽക്കുമേൽ.
എവന്നും താൻ മാത്രം സുഖിച്ചിരിക്കണ–
മെവന്നും മറ്റുള്ളോർ നശിച്ചുപോകണം;

 

തനിക്കു താണതിൽച്ചവിട്ടി നിൽക്കണം;
തനിക്കെളിയതു ചവച്ചുതുപ്പണം;
അടുക്കളപ്പണിക്കബലമാർ വേണ–
മടിമകളാകാനശക്തരും വേണം;
അധ:സ്ഥരമ്മട്ടിലിരുന്നുകൊള്ളണ–
മുദധിയൂഴിയെ ഗ്രസിക്കുവോളവും;
സ്വതന്ത്രൻ താനൊരാൾ, വിജയി താനൊരാ–
ളിതരർ തൻ കേളിക്കുപകരണങ്ങൾ;
ഒരുകൺ തന്റേതു പൊടിക്കും താൻ; പരൻ
കുരുടനാവതാണതിൻ ഫലമെങ്കിൽ;
ഉയർന്നിടാനുള്ള മടിയാൽത്താഴെ നി–
ന്നുയർന്നവൻ ചാവാനൊളിനഞ്ഞമ്പെയ്യും;
പരിഷ്കൃതിമന്ത്രമുരച്ചുകൊണ്ടിട്ടേ
നരരക്ഷസ്സിനു നരനെത്തിന്നാവൂ.
സ്വദേശമെന്നതും സ്വധർമ്മമെന്നതും
സ്വജാതിയെന്നതും സ്വഭാഷകൂടിയും
കരബലമുള്ള ജനതതിക്കുതൻ
പെരുവയർക്കുഴി നികത്തിടും വഴി;
പലപ്പൊഴും സ്വാർത്ഥം, പലപ്പൊഴും ദൗഷ്ട്യം
പലപ്പൊഴും ദുര, പലപ്പൊഴും ചതി!
ഇതെന്തുതാറുമാ,റിതെന്തു മീന്മുറ–
യിതിന്നു വേണ്ടിയോ ഹരേ! നരോദയം?
ഇരുളിരവിതിന്നുഷസ്സെന്നോ? മോഹ–
പ്പെരുങ്കടലിതിന്നെതിർകരയെങ്ങോ?