സർവ്വരുമിങ്ങു വരട്ടേ നിങ്ങടെ
സാരസ്യാദി ഗുണങ്ങടെ ഭംഗികൾ
പാരാതൊരു ദിശി കാട്ടണമെങ്കിൽ
സംഗതി വരുമൊരു പുരുഷനുടെ വ്രത-
ഭംഗം ചെയ് വാനൊരു വഴിയുണ്ടാം;
നമ്മുടെ മകനാമർജ്ജുനനിപ്പോൾ
മൻമഥഹരനെസ്സേവ തുടങ്ങി;
നമ്മുടെ രാജ്യമടക്കിവസിപ്പാ-
നെൻ മകനുള്ളിലൊരാശ തുടങ്ങി;
ഭക്തപ്രിയനാം ഭഗവാനും പുന-
രൊത്ത വരങ്ങൾ കൊടുക്കും നിയതം;
സത്വരമവനുടെ ചിത്തമിളക്കാ-
നിത്തിരി പണിയെന്നാകിലുമുടനേ
ചെന്നതു സാധിച്ചില്ലെന്നാൽ പുന-
രെന്നുടെ പൌരുഷമൊക്കെ നശിക്കും;

ഉല്ലാസത്തോടേ നിങ്ങളെല്ലാമവിടെച്ചെന്നു
വില്ലാളിവീരനോടു സല്ലാപം പേശിക്കൊണ്ടു
മല്ലീവിശിഖനുടെ വില്ലിനെതിരായുള്ള
ചില്ലീവിലാസം കൊണ്ടു തല്ലി വശം കെടുപ്പിൻ;
കല്ലോലം പോലെയുള്ള നല്ലൊരു കണ്മുനകൾ
മെല്ലെന്നവൻറെനേരെ ചെല്ലുന്ന നേരമുള്ളിൽ
തെല്ലും വികാരമുണ്ടായില്ലെന്നു വരത്തില്ലാ;
മുല്ലമൊട്ടിൻറെ ഭംഗി വെല്ലും നിങ്ങടെ നല്ല
പല്ലും ചൊടിയും മിഴിത്തെല്ലും കാണുന്ന നേരം
കല്ലും മയങ്ങിപ്പോമെന്നല്ലോ ജഗൽ പ്രസിദ്ധം;
കില്ലു നമുക്കു ചെറ്റും ഇല്ലിതു നിങ്ങളങ്ങു
ചെല്ലുന്ന താമസമതല്ലാതെ മറ്റൊന്നില്;
നല്ലാർമണികൾ നിങ്ങളല്ലാതിന്നൊരുത്തരു-
മില്ലാ നമുക്കെന്നുള്ളതെല്ലാരും ബോധിക്കേണം;
വല്ലാതെ ശങ്കിച്ചിങ്ങു നില്ലാതെ ചെന്നടുത്തു
നല്ല കടാക്ഷം കൊണ്ടു കൊല്ലാക്കൊലചെയ്യേണം;
നല്ല പാട്ടുകൾ കൂത്തുമെല്ലാം പ്രയോഗിക്കുമ്പോൾ
നല്ല രസികൻ പാർത്ഥൻ മെല്ലവേ കണ്മിഴിച്ചു
കല്യാണിമാരെക്കണ്ടാലില്ലാതെയാകും ധൈര്യം
ചൊല്ലാമന്നേരം കാര്യമെല്ലാം നമുക്കു വന്നു.”
ഏവമരുൾ ചെയ്തോരു ദേവാധിരാജനുടെ
ഭാവമറിഞ്ഞുടനെ ദേവസ്ത്രീകൾ പറഞ്ഞു:
“നിൻതിരുവടിയുടെ ചിന്തിതം സാധിപിപ്പാൻ
ദന്തിഗാമിനിമാർക്കങ്ങെന്തു സന്ദേഹം നിൻറെ-
യന്തികേ സർവ്വകാര്യം സാധിച്ചുപോരും ഞങ്ങൾ;
ചെന്തീയിൽചെന്നു ചാടി നീന്തീടാൻ കൽപിച്ചെന്നാൽ
അന്തരംഗത്തിലേതും അന്തരമില്ലിതിനു;
കുന്തീസുതൻറെ ചിത്തഭ്രാന്തി വരുത്താനൊരു
പന്തികൾ നിരൂപിച്ചാൽ സാധിക്കുന്നതുമല്;
എന്നുവരികിലുമതിന്നു മടികൂടാതെ
ചെന്നു സാധിച്ചുപോരാമെന്നു ധരിച്ചീടേണം;
കിന്നരൻമാരും കൂടെ പിന്നാലെ പോന്നീടേണം
പിന്നെ ഗന്ധർവൻമാരും മുന്നിൽ നടന്നീടേണം;
എന്നാലടിയങ്ങൾക്കു നന്നായ് വരുവാൻ വരം
തന്നാലും! തമ്പുരാനേ” “വന്നാലു” മെന്നു ചൊല്ലി
ഒന്നിച്ചു നാരീവൃന്ദം വന്ദിച്ചു വഴിപോലെ
നന്ദിച്ചു പുറപ്പെട്ടു മന്ദിച്ചീടാതെ തന്നെ.

സുരതരുണികളങ്ങു നടന്നു,
സുരഗിരികടകങ്ങൾ കടന്നു,
പരിമൃദുവചനങ്ങൾ തുടർന്നു,
പരിചൊടു മനമൊന്നു വിടർന്നു.