താതനു ദു:ഖനിവൃത്തി വരുത്തുവാന്‍
ഭര്‍ത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചില്‍ ത്വയാ
കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ് വരും
സത്യവാദിശ്രേഷ്ഠനായ പിതാവിനെ
സത്യപ്രതിജ്ഞനാക്കീടുക നീയതു
ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണ്ണയം;
പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയലെ്‌ളാ
രണ്ടു വരം മമ ദത്തമായിട്ടുണ്ടു
പണ്ടു നിന്‍ താതനാല്‍ സന്തുഷ്ട ചേതസാ
നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു
മിന്നു തരേണമെന്നര്‍ത്ഥിയ്ക്കയും ചെയ്‌തേന്‍
നിന്നോടതു പറഞ്ഞീടുവാന്‍ നാണിച്ചു
ഖിന്നനായ് വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യന്‍ ഭവാന്‍
പുന്നാമമാകും നരകത്തില്‍നിന്നുടന്‍
തന്നുടെ താതനെ താണനം ചെയ്കയാല്‍
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത
പത്ര സമുത്ഭവനെന്നതറിക നീ
മാതൃവചന ശൂലാഭിഹതനായ
മേദിനീപാലകുമാരനാം രാമനും
എത്രയുമേറ്റം വ്യഥിതനായ് ചൊല്‌ളിനാന്‍:
ഇത്രയെല്‌ളാം പറയേണമോ മാതാവേ!
താതാര്‍ത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതതിനില്‌ള സംശയം
മാനസേ ഖേദമതിനിലെ്‌ളനിക്കേതും
രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍
ത്യാജ്യമെന്നാലറിക നീ മാതാവേ!
ലക്ഷമണന്‍ തന്നെ ത്യജിക്കെന്നു ചൊല്‍കിലും
തല്‍ക്ഷണം ഞാനുപേക്ഷിപ്പനറിക നീ
പാവകന്‍ തങ്കല്‍ പതിക്കേണമെങ്കിലു
മേവം വിഷം കുടിക്കേണമെന്നാകിലും
താതന്‍ നിയോഗിക്കിലേതുമേ സംശയം
ചേതസി ചെറ്റിലെ്‌ളനിക്കെന്നറിക നീ
താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമന്‍
പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവന്‍
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും