ചരിത്രകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സി.കെ.കരിം. ജനനം 1929 മെയ് അഞ്ചിന് എറണാകുളം ജില്ലയിലെ എടവനക്കാട്. പിതാവ് സി.കെ. കൊച്ചു ഖാദര്‍. മാതാവ്: കൊച്ചലീമ. 1953 ല്‍ പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. 1957 ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് മൂന്നാം റാങ്കോടെ ബിരുദാനന്തരബിരുദം.

അലിഗഢില്‍ തന്നെ എല്‍.എല്‍.ബി.യും നേടി. 1958 ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലക്ചററായി. അലിഗഢ് സര്‍വകലാശാലയില്‍ നിന്ന് ഡോ. റസൂല്‍ ഹസന്റെ മേല്‍നോട്ടത്തില്‍ കേരളം ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കീഴില്‍ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടി.
ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി.
കോഴിക്കോട് ഫാറൂഖ് കോളേജിലും വിവിധ ഗവ. കോളേജുകളിലും ചരിത്രാധ്യാപകനായിരുന്നു. 1965ല്‍ തിരുവനന്തപുരം പെരിങ്ങമല ഇക്ബാല്‍ കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലായി ചുമതലയേറ്റു. 1969 മുതല്‍ 1973 വരെ കേരള ഗസറ്റിയറിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1973ല്‍ കൊച്ചി സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ രജിസ്ട്രാറായി. വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുമുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് 1975 ല്‍ രജിസ്ട്രാര്‍ സ്ഥാനം വിടുകയും വീണ്ടും കേരള ഗസറ്റിയറിന്റെ എഡിറ്ററാവുകയും ചെയ്തു. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1981ല്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു.
1951 മുതല്‍ 1953 വരെ യുണൈറ്റഡ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റും അലിഗഢ്
സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ആക്ടിങ് പ്രസിഡന്റും സ്റ്റുഡന്റ് യൂണിയന്‍ ലൈബ്രേറിയനുമായിരുന്നു. കേരള സര്‍വകലാശാലയില്‍ സെനറ്റ്, ബിരുദാനന്തര ബിരുദ പാഠ്യസമിതി, ആര്‍ട്‌സ് വിഭാഗം, പ്രസിദ്ധീകരണ വിഭാഗം ഉപദേശകസമിതി, ഇസ്‌ലാമിക ചരിത്ര പാഠ്യസമിതി, സാമൂഹിക ശാസ്ത്രവിഭാഗം എന്നിവയില്‍ അംഗവും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഇസ്‌ലാമിക ചരിത്ര ബിരുദാനന്തരബിരുദ പാഠ്യസമിതി ചെയര്‍മാന്‍, ഇന്റര്‍ നാഷണല്‍ റിലേഷന്‍സില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ചിരിത്ര ബിരുദ പാഠ്യസമിതിയംഗം, പരീക്ഷാസമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
കേരള ചരിത്രഗവേഷണത്തിലെ വേറിട്ട ശബ്ദമായിരുന്നു കരീമിന്റേത്. പരമ്പരാഗതമായ പല ചരിത്രനിരീക്ഷണങ്ങളും അദ്ദേഹം ശക്തമായി ഖണ്ഡിച്ചു. കേരളത്തിന്റെ ചരിത്രരചനയില്‍ സവര്‍ണപക്ഷം ഉണ്ടെന്ന വാദക്കാരനായിരുന്നു അദ്ദേഹം. ചേരമാന്‍ പെരുമാക്കന്മാരുടെ ഇസ്‌ലാമാശ്ലേഷണം, കണ്ണൂരിലെ അറക്കല്‍ ആലി രാജവംശം, പറങ്കി മാപ്പിള യുദ്ധം, ഹൈദരാലി ടിപ്പുസുല്‍ത്താന്‍മാരുടെ കേരള വാഴ്ച, മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ പരമ്പരാഗത ധാരണകള്‍ക്കെതിരായ വീക്ഷണമായിരുന്നു കരീമിന്റേത്. കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ പരിഷത്, കാന്‍ഫെഡ്, കേരള മുസ്‌ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍, മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണല്‍ ട്രസ്റ്റ്, മുസ്‌ലിം അസോസിയേഷന്‍ തിരുവനന്തപുരം, മുസ്‌ലിം സര്‍വീസ് സൊസൈറ്റി എന്നിവയില്‍ ആജീവാനന്ത അംഗമായിരുന്നു.
ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം, കേരള ചരിത്രം, നവഭാരത

ശില്പികള്‍ സമാഹാരങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം , സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിന്‍ എഡിറ്ററുമായിരുന്നു. ചരിത്രം എന്ന പേരില്‍ ഒരു ത്രൈമാസിക സ്വന്തം പത്രാധിപത്യത്തില്‍ പുറത്തിറക്കി.

കൃതികള്‍

What happened in Indian History?
Kerala Under Hyderali and Tipusulthan
Kerala and her culture – An Itnroduction
Indian History Part I
Indian History Part II
Gazetters of kerala Palakkad Ditsrict
Gazetters of Malappuram Ditsrict
കേരളമുസ്‌ലിം സ്ഥിതിവിവരണക്കണക്ക് (മൂന്ന് വാല്യം)
ഇന്ത്യാ ചരിത്രത്തിലേക്കൊരു മുഖവുര
മുഹമ്മദ് തുഗ്ലക്ക് ഒരു പഠനം
ഇബ്‌നുബത്തൂത്തയുടെ കള്ളക്കഥകള്‍
കേരള ചരിത്രവിചാരം
ചരിത്ര സംവേദനം
ചരിത്രത്തിലെ ഗുണപാഠങ്ങള്‍
ചരിത്ര കഥകള്‍
ഫ്രാന്‍സ്: ലോകരാഷ്ട്രങ്ങള്‍ ഒരു പരമ്പര
പി.എ. സൈദ് മുഹമ്മദ് സ്മാരക ഗ്രന്ഥം
ഒ. ആബു സ്മാരകഗ്രന്ഥം
സീതിസാഹിബ് നവകേരളശില്പികള്‍ പരമ്പര,
ഡോ. സി.കെ. കരീമിന്റെ ചരിത്രപഠനങ്ങള്‍
പ്രാചീന കേരളവും മുസ്‌ലിം ആവിര്‍ഭാവവും
മനോരമയുടെ ചരിത്രം
തിരുവിതാംകൂര്‍ ചരിത്രം (തര്‍ജമ)
ബുക്കാനന്റെ കേരളം (തര്‍ജമ)
മുഗളന്മാരുടെ പ്രവിശ്യാ ഭരണം (തര്‍ജമ)

പുരസ്‌കാരങ്ങള്‍

തിരുവന്തപുരം പൗരസമിതി അവാര്‍ഡ്
കൊടുങ്ങല്ലൂര്‍ പൗരസമിതി അവാര്‍ഡ്
തിരൂര്‍ സര്‍ഗധാര അവാര്‍ഡ്
ഏറ്റവും മികച്ച കൃതിക്കുള്ള 1988 ലെ സുവര്‍ണകൈരളി അവാര്‍ഡ്
അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് ലൈബ്രറി അവാര്‍ഡ്
1992 ലെ കോഴിക്കോട് ഫ്രൈഡെ ക്ലബ് അവാര്‍ഡ്
മുസ്‌ലിം യൂത്ത് ലീഗ് അവാര്‍ഡ്
എം.ഇ.എസ് പ്രൊഫിഷ്യന്‍സി അവാര്‍ഡ്