കന്നഡയിലെ പുരോഗമന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് നിരഞ്ജന. യഥാര്‍ത്ഥപേര് കുളകുന്ദ ശിവരായ. 1924ല്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലെയിലെ കുളകുന്ദ എന്ന സ്ഥലത്തു ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിവിധ പത്രമാസികകളില്‍ പ്രവര്‍ത്തിച്ചു. ജ്ഞാനാംബിക എന്ന ബാലവിജ്ഞാനകോശത്തിന്റെ എഡിറ്ററായിരുന്നു. നോവല്‍, ചെറുകഥ, ലേഖനം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. കല്യാണസ്വാമി, വിമോചനനെ, ചിരസ്മരണെ, ബനശങ്കര, രംഗമ്മനവഠാരെ, നാസ്തിക കൊട്ട ദേവരു, ഒണ്ഡി നക്ഷത്ര നക്കിതു, അഭയാശ്രമ ദൂരദ നക്ഷത്ര, മൃത്യുഞ്ജയ എന്നിവയാണ് പ്രധാന നോവലുകള്‍. ചരിത്രനോവലാണ് കല്യാണസ്വാമി. ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയ കുടകിന്റെ ആധിപത്യം പുനഃസ്ഥാപിക്കുന്നതിന് കല്യാണസ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ സാഹസത്തിന്റെ ചിത്രമാണ് ഇതിലെ പ്രതിപാദ്യം.
    സ്വാതന്ത്ര്യസമരത്തില്‍ കേരളജനത വഹിച്ച പങ്കാണ് ചിരസ്മരണയില്‍ ഹൃദയാവര്‍ജകമായി അവതരിപ്പിച്ചിരിക്കുന്നത്. കയ്യൂരില്‍ നടന്ന തൊഴിലാളി സമരമാണ് ഇതിലെ പ്രതിപാദ്യം. രാഷ്ട്രീയ പ്രാധാന്യവും ചരിത്രപ്രാധാന്യവും ഏറെയുള്ള നോവലാണിത്. സാമൂഹിക നോവലുകളാണ് മറ്റുള്ളവ. പരിതഃസ്ഥിതിക്കു വശംവദരായി വഴിതെറ്റിയവര്‍, ബാലവിധവകള്‍, കഷ്ടതകളില്‍ അകപ്പെട്ട അധ്യാപകര്‍ തുടങ്ങി സാമുദായികവും സാമ്പത്തികവുമായ ചുറ്റുപാടുകളില്‍പ്പെട്ടു നരകിക്കുന്ന നിസ്സഹായരായ ജനതയുടെ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയില്‍ പ്രധാനം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥനും നിസ്സഹായനുമായ ചന്ദ്രശേഖരനെ പോക്കറ്റടിക്കാരനെന്നു മുദ്രകുത്തി ജയിലിലാക്കുന്ന ആത്മകഥാരൂപത്തിലുള്ള നോവലാണ് വിമോചനെ.
    യഥാതഥ പ്രസ്ഥാനത്തിലേക്ക് കന്നഡ വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടു എന്നതാണ് നിരഞ്ജനയുടെ പ്രത്യേകത. ബുദ്ധഭാവ ബഡുക (1984), അങ്കണ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ബുദ്ധഭാവ ബഡുക. 1992ല്‍ നിരഞ്ജന അന്തരിച്ചു.

പുരസ്‌കാരങ്ങള്‍

    1979ലെ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് നിരഞ്ജനക്കു ലഭിച്ചു. നിരഞ്ജനയുടെ നോവലുകള്‍ മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.