ഡല്‍ഹിയില്‍ ജനനം. പ്രൊഫ. ഓംചേരിയുടെയും ഡോ. ലീലാ ഓംചേരിയുടെയും മകള്‍. മൂന്നു വയസ്സു മുതല്‍ സംഗീതവും നൃത്തവും അഭ്യസിച്ചുതുടങ്ങി. ഡല്‍ഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനി. സാഹിത്യകലാപരിഷത്തിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം. കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, മോഹിനിയാട്ടം എന്നിവയില്‍ പ്രാവീണ്യം നേടി. എം.എ., എം. ഫില്‍. പി.എച്ച്ഡി ബിരുദങ്ങള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റി മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റിയുടെ കര്‍ണ്ണാടക സംഗീത വിഭാഗത്തിന്റെ സീനിയര്‍ റീഡറും ഭാരവാഹിയും. 'സോപാന മ്യൂസിക് ഓഫ് കേരള', 'മ്യൂസിക് ആന്റ് ഇന്‍സ്ട്രമെന്റ്‌സ് ഓഫ് ഇന്ത്യ' എന്നീ കൃതികള്‍ക്കു പുറമേ അഞ്ചു ഗ്രന്ധങ്ങളുടെ രചനയില്‍ അമ്മയോടൊപ്പം സഹകരിച്ചിട്ടുണ്ട്. അമ്മയും മകളും ഒരുമിച്ച് രചിച്ച ഗ്രന്ഥമാണ് 'കേരളത്തിലെ ലാസ്യ രചനകള്‍'. അവരുടെ കൃതികളെല്ലാം തന്നെ കലകളെയും സംഗീതത്തെയും കുറിച്ചുള്ളതാണ്. ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ സ്ത്രീകളുടെ നൃത്യമണ്ഡലത്തിലെ മുഖ്യഘടകമായ അഭിനയപദങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അധികമാരും കേട്ടിരിക്കാനിടയില്ലാത്ത അപൂര്‍വ്വ രചനകകള്‍. തളിയെന്നു കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളത്തിലെ പുരാതന കാലത്തെ നര്‍ത്തകികളായിരുന്ന നങ്കമാരെക്കുറിച്ചും അവരുടെ വിവിധ നിലവാരങ്ങളിലുള്ള കലാകാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ദേവദാസീ സമ്പ്രദായം കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നതിനും എത്രയോ കാലം മുമ്പേ, അവരില്‍ നിന്നും തുലോം വ്യത്യസ്തരായി ജീവിച്ചിരുന്ന, ഒരു ക്ഷേത്ര കലാ സമുദായമായിരുന്നു നളിനങ്കകള്‍. കേരളത്തിലെ സ്ത്രീനൃത്യ കലകളുടെ ചരിത്രത്തെക്കുറിച്ചും സംഗീതപാരമ്പര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം സംഗീതാസ്വാദകര്‍ക്കും കലാ പ്രേമികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

കൃതികള്‍

സോപാന മ്യൂസിക് ഓഫ് കേരള
മ്യൂസിക് ആന്റ് ഇന്‍സ്ട്രമെന്റ്‌സ് ഓഫ് ഇന്ത്യ