അദ്ധ്യാപകന്‍, വാഗ്മി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ എ. ബാലകൃഷ്ണവാര്യര്‍ 1917 നവംബര്‍ 23-ാം തിയതി പടിഞ്ഞാറെ ആച്ചംകുളങ്ങര വാരിയത്താണ് (തൃശ്ശൂര്‍) ജനിച്ചത്. അച്ഛന്‍ അവണ്ണൂര്‍ മനയ്ക്കല്‍ (പെരിന്തല്‍മണ്ണ) പരമേശ്വരന്‍ നമ്പൂതിരി. അമ്മ അമ്മുക്കുട്ടി വാരസ്യാര്‍. ബാലകൃഷ്ണവാര്യര്‍ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മരിച്ചു. അതുകൊണ്ട് അദ്ദേഹം അമ്മാവന്മാരുടെയും ചെറിയമ്മമാരുടെയും രക്ഷയിലാണ് വളര്‍ന്നത്. തൃശ്ശൂര്‍ സി.എം.എസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. പാലക്കാട്ട് വികേ്ടാറിയാ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിച്ചു. അമ്മാവന്‍ അവിടെ അദ്ധ്യാപകന്‍ ആയിരുന്നു.    
    ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണം കേട്ടതോടെ ഭാഷാപഠനത്തില്‍ തല്പരനായ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍നിന്നും മലയാളം ഐച്ഛികമായി ബിരുദം എടുത്തു. പിന്നീട് മലയാളം എം.എ. പാസായി. 1957ല്‍ മലയാളവും സംസ്‌കൃതവും പഠിച്ച് വിദ്വാന്‍ പരീക്ഷയില്‍ ഒന്നാംക്‌ളാസോടെ ജയിച്ചു. തൃശ്ശൂര്‍ സെന്റ് തെരേസാസ് കോളേജില്‍ ഒരു വര്‍ഷം പഠിപ്പിച്ചു. അക്കാലത്ത് മിലിട്ടറി ഫീല്‍ഡ് അക്കൗണ്ട്‌സില്‍ നിയമനം കിട്ടി എങ്കിലും അതുപേക്ഷിച്ച് അദ്ധ്യാപനം സ്വീകരിച്ചു. സ്വാതന്ത്ര്യസമരത്തോട് ഉള്ള അനുഭാവവും ഇതിനു പ്രേരകമായി. മദിരാശി സര്‍ക്കാര്‍ സര്‍വ്വീസില്‍ അദ്ധ്യാപകനായി, തലശേ്ശരി ബ്രണ്ണന്‍ ഹൈസ്‌കൂളില്‍ ഒരു വര്‍ഷം ജോലി നോക്കി. എം.എ. ജയിച്ച ശേഷം പാലക്കാട്ട് വിക്‌ടോറിയ കോളേജ്, തലശേ്ശരി ബ്രണ്ണന്‍ കോളേജ്, മദ്രാസ് ഗവണ്‍മെന്റ ് ആര്‍ട്‌സ് കോളേജ്, മംഗലാപുരം ഗവണ്‍മെന്റ ് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. സംസ്ഥാന പുനഃസംഘടനക്കുശേഷം പാലക്കാട്ട് വിക്‌ടോറിയ കോളേജില്‍ പ്രൊഫസറായി, പിന്നീട് പട്ടാമ്പി. അവിടെ നിന്നും 1973ല്‍ വിരമിച്ചു.
    ഭാര്യയുടെ പേര് നാരായണി അമ്മ. ചിയ്യാരത്ത് കോട്ടയില്‍ വീട്ടിലെ അംഗമാണ്. 1978 മുതല്‍ 1986വരെ എടപ്പാളിലെ വള്ളത്തോള്‍ ആര്‍ട്‌സ് കോളേജിന്റെ ചുമതലവഹിച്ചു. കുറച്ചുകാലം കലാമണ്ഡലം ഭരണസമിതിയില്‍ അംഗമായിരുന്നു. 1988ല്‍ തൃശ്ശൂരില്‍ സ്ഥിരതാമസമാക്കി. 1997 ഡിസംബര്‍ 17ന് മരിച്ചു.
    സാഹിത്യസംബന്ധിയായി നിരവധി പ്രബന്ധങ്ങള്‍ രചിച്ചു. കവിതാനിരൂപണത്തിലായിരുന്നു ബാലകൃഷ്ണവാര്യര്‍ക്ക് കൂടുതല്‍ താല്പര്യം. അദ്ദേഹത്തിന്റെ നിരൂപണങ്ങളില്‍ ക്രാന്തദര്‍ശിയായ പണ്ഡിതനെ മാത്രമല്‌ള, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും സൗമ്യവാക്കായ മികച്ച സഹൃദയനെയും കാണാം. പാണ്ഡിത്യം സഹൃദയത്വത്തിന് തുണയാവണം എന്ന കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. വള്ളത്തോളും ശങ്കരക്കുറുപ്പും ആയിരുന്നു ഏറ്റവും പ്രിയങ്കരരായ കവികള്‍. ജീവിതകാലത്ത് പുസ്തകങ്ങള്‍ പ്രസിദ്ധപെ്പടുത്തുന്ന കാര്യത്തില്‍ ഒട്ടൊക്കെ ഉദാസീനനായിരുന്നു ബാലകൃഷ്ണവാര്യര്‍. വേണമെങ്കില്‍ കവിതയും തനിക്ക് വഴങ്ങും എന്ന് പലവട്ടം തെളിയിച്ചിട്ടുള്ള വാര്യര്‍, സാന്ദര്‍ഭികമായി രചിച്ച കവിതകള്‍ സൂക്ഷിച്ചുവെക്കുന്നതില്‍ തികച്ചും ഉദാസീനന്‍ ആയിരുന്നു.
    റസ്‌കിന്‍ബോണ്ട് എഴുതിയ നെഹ്‌റുവിന്റെ ജീവചരിത്രം ഭാഗ്യവിധാതാവ് എന്ന പേരില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മികച്ച രചനകളില്‍ ഒന്ന് സാംസ്‌കാരിക വകുപ്പ് പ്രസിദ്ധം ചെയ്ത, കൈക്കുളങ്ങര രാമവാര്യര്‍ എന്ന കൃതിയാണ്. പ്രതിഭാശാലിയായ രാമവാര്യരെക്കുറിച്ച് കിട്ടാവുന്ന എല്‌ളാ വിവരങ്ങളും ഔചിത്യപൂര്‍വ്വം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വള്ളത്തോളിനെപ്പറ്റി പലകാലങ്ങളില്‍ എഴുതിയ പ്രബന്ധങ്ങളില്‍ നിന്നും പതിമൂന്നെണ്ണം തിരഞ്ഞെടുത്ത് പ്രസിദ്ധപെ്പടുത്തിയതാണ് 'വള്ളത്തോള്‍ സമഗ്രപഠനം'. നവോത്ഥാനകവികള്‍ മഹാകവിത്രയത്തിനുശേഷം എന്ന പ്രബന്ധസമാഹാരത്തില്‍ പത്തു പ്രബന്ധങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ പത്തൊന്‍പതു പ്രബന്ധങ്ങളുടെ സമാഹാരം ആണ് 'ബാലകൃഷ്ണവാര്യരുടെ പ്രബന്ധങ്ങള്‍' കലാസാഹിത്യചിന്തകള്‍ എന്ന പേരില്‍ പതിനാറ് പ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൃതിയും, തിരഞ്ഞെടുത്ത മുപ്പത്തഞ്ചു പ്രബന്ധങ്ങള്‍ – ഇതില്‍ സാഹിത്യം മാത്രമല്‌ള ആധ്യാത്മികവിഷയങ്ങളും, കഥകളിയും കേ്ഷത്രങ്ങളും, ആഘോഷങ്ങളും, അനുസ്മരണങ്ങളും എല്‌ളാംപെടും – വകതിരിവിന്റെ പുസ്തകം എന്ന പേരില്‍ മറ്റൊരു കൃതിയില്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. ദൂതവാക്യം പതിന്നാലു വൃത്തത്തിന്റെ മുഖവുരയും ശ്രദ്ധിക്കപെ്പടേണ്ട സംഭാവനയാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാരതപരിഭാഷയിലെ കര്‍ണ്ണ ശല്യ പര്‍വ്വങ്ങളുടെ സംഗ്രഹീതഗദ്യാഖ്യാനം അദ്ദേഹം നിര്‍വ്വഹിച്ചു. പൊന്നാനി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന സി.എ.വാര്യരുടെ വാല്മീകിരാമായണ പരിഭാഷ, ശിവപുരാണം വ്യാഖ്യാനം എന്നിവ തേച്ചുമിനുക്കി കൊടുക്കുന്നതിലും ബാലകൃഷ്ണവാര്യര്‍ നല്‌ള പങ്കു വഹിച്ചിട്ടുണ്ട്.

കൃതികള്‍:

'വള്ളത്തോള്‍ സമഗ്രപഠനം', 'ബാലകൃഷ്ണവാര്യരുടെ പ്രബന്ധങ്ങള്‍', കലാസാഹിത്യചിന്തകള്‍.