കൊച്ചി രാജകുടുബത്തില്‍ 1875 നവംബര്‍ 9 ന് (കൊ.വ.1051 തുലാം 24 പുരൂരുട്ടാതി)
കൊച്ചിക്കാവ് തമ്പുരാട്ടിയുടേയും, പാഴൂര്‍ പടുതോള്‍ തുപ്പന്‍ നമ്പൂതിരിപ്പാടിന്‍േറയും മകനായി
ജനിച്ചു. അപ്പന്‍ തമ്പുരാന് രണ്ടുവയസ്‌സ് ആവുമ്പോഴേയ്ക്കു അമ്മ മരിച്ചു. ചിറ്റമ്മ
അമ്മുത്തമ്പുരാട്ടിയാണ് വളര്‍ത്തമ്മ. ആശാന്‍ തമ്പാന്‍, ഈച്ചരവാര്യര്‍, കല്‌ളിങ്കല്‍ രാമപ്പിഷാരടി
എന്നിവരാണ് സംസ്‌കൃതം പഠിപ്പിച്ചത്. 1894 ല്‍ പത്താംക്‌ളാസ് ജയിച്ചശേഷം മദിരാശിയില്‍
ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും ബിരുദം എടുത്തില്‌ള. ഐച്ഛികവിഷയം രസതന്ത്രം, ഉപഭാഷ
മലയാളം. ഔപചാരിക വിദ്യാഭ്യാസം അവിടെ അവസാനിച്ചു എങ്കിലും തൃശ്ശൂര്‍ താമസിക്കുമ്പോള്‍,
അനന്തനാരായണശാസ്ത്രിയുടെ അടുത്ത് വ്യാകരണവും ആറ്റൂരിന്റെ അടുത്ത് തര്‍ക്കവും വെയ്‌ലൂര്‍
ശങ്കരവാര്യരുടെ അടുത്ത് അഷ്ടാംഗഹൃദയവും പഠിച്ചു. 1907ല്‍ തൃശ്ശൂരില്‍ അയ്യന്തോളില്‍
കുമാരമന്ദിരം പണിയിച്ച് അവിടെ താമസമാക്കി. ഗുരുവായൂരിനടുത്ത് അമ്പാടി വടക്കേ
മുടവക്കാട്ടില്‍ നാനിക്കുട്ടി അമ്മയായിരുന്നു ഭാര്യ. വാര്‍ദ്ധക്യത്തില്‍ പ്രമേഹരോഗത്തിന്
അടിപെ്പട്ട തമ്പുരാന്‍ 1941 നവംബര്‍ 19ന് (കൊ.വ. 1117 തുലാം 4) മരിച്ചു.
    ശൈലീവല്‌ളഭന്‍ എന്നു പ്രകീര്‍ത്തിതനായ തമ്പുരാന്റെ സാഹിത്യസേവനമണ്ഡലം
വൈവിദ്ധ്യപൂര്‍ണ്ണമാണ്. കവിത, നാടകം, നോവല്‍, ഉപന്യാസം, ചരിത്രം, സിനിമ എല്‌ളാം ആ
പ്രതിഭയ്ക്കു വഴങ്ങി. പത്രപ്രവര്‍ത്തനവും മറ്റു സാമൂഹികപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് അന്യം
ആയിരുന്നില്‌ള. ജീവിതാന്ത്യത്തില്‍ ശ്രീരാമകൃഷ്ണമിഷനുമായി ബന്ധപെ്പട്ട് അദ്ദേഹം പ്രവര്‍ത്തിച്ചു.
എറണാകുളത്തു താമസിക്കുമ്പോള്‍, കുഞ്ഞിക്കുട്ടന്‍തമ്പുരാനോടു ചേര്‍ന്ന് 'രസികരഞ്ജിനി' എന്ന
മാസിക തുടങ്ങി. പഴയ മലയാളമാസികകളില്‍ ശ്രദ്ധേയമായ അതില്‍ പല തൂലികാനാമങ്ങളില്‍
കേരളസംസ്‌ക്കാര സംബന്ധിയായ ഒട്ടേറെ ലേഖനങ്ങള്‍ തമ്പുരാനെഴുതി. 'ദുര്‍മ്മരണം' എന്ന പേരില്‍
അതില്‍ തമ്പുരാനെഴുതിയ നീണ്ട കഥ ആണ് മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവല്‍
ആയ ഭാസ്‌കരമേനോന്‍. ഒരുകെട്ടു പഴങ്കഥ എന്നു തമ്പുരാന്‍തന്നെ വിശേഷിപ്പിച്ച ഭൂതരായര്‍
നോവല്‍ എന്ന നിലയില്‍ മികച്ചതലെ്‌ളങ്കിലും ചരിത്രസംഭവങ്ങളുടെ നിധി എന്ന നിലയ്ക്ക്
പരിഗണന അര്‍ഹിക്കുന്നു. ഗദ്യകവിത എന്ന് വിളിക്കപെ്പടാവുന്ന അതിന്റെ ശൈലിയും പരിഗണന
അര്‍ഹിക്കുന്നു. വിദ്യാവിനോദിനിയില്‍ എം. രാജരാജവര്‍മ്മ, സി.പി.അച്യുതമേനോന്‍ എന്നിവര്‍
എഴുതിയ പ്രബന്ധങ്ങള്‍ സമാഹരിച്ച് തമ്പുരാന്‍ 1906ല്‍ ഗദ്യമാലിക പ്രസാധനം ചെയ്തു;
മലയാളത്തിലെ ആദ്യത്തെ ലേഖനസമാഹാരം. തമ്പുരാന്‍ വിവിധവിഷയങ്ങളെ പുരസ്‌കരിച്ച് –
സാഹിത്യം, ചരിത്രം, ജീവചരിത്രം, ശാസ്ത്രം – പലപേ്പാഴായി എഴുതിയ ലേഖനങ്ങളുടെ
സമാഹാരങ്ങളാണ് മംഗളമാല അഞ്ചുഭാഗങ്ങള്‍. ദ്രാവിഡവൃത്തങ്ങളെക്കുറിച്ചുള്ള
ശാസ്ത്രീയപഠനത്തിന്റെ തുടക്കംകുറിച്ച കൃതിയാണ് ദ്രാവിഡവൃത്തങ്ങളും അവയുടെ
ദശാപരിണാമങ്ങളും. പഴയപാട്ടുകള്‍ സമാഹരിച്ച് പ്രസിദ്ധപെ്പടുത്തുന്നതിനും അദ്ദേഹം
ഉത്സാഹിച്ചു. അദ്ദേഹം നടത്തിയിരുന്ന രസികരഞ്ജിനിയിലൂടെയാണ് ഉണ്ണുനീലി സന്ദേശം
പുറത്തുവന്നത്; മംഗളോദയത്തിലൂടെ ലീലാതിലകത്തിന്റെ കുറെ ഭാഗവും. തൃശ്ശൂരില്‍
പ്രാചീനഗ്രന്ഥമാല എന്ന പേരില്‍ ഒരു മാസിക തമ്പുരാന്‍ പഴയകൃതികളുടെ പ്രചാരണാര്‍ത്ഥം
തുടങ്ങി. രാമകൃഷ്ണാശ്രമ പ്രസിദ്ധീകരണമായ പ്രബുദ്ധകേരളത്തിനു പിന്നിലും തമ്പുരാന്റെ
കൈകള്‍ ഉണ്ട്. ഭാഷയില്‍ സംക്രമിച്ചിട്ടുള്ള വൈദേശിക പ്രസ്ഥാനങ്ങളെ ഉദാഹരിക്കുകയാണ്
പ്രസ്ഥാനപഞ്ചകം എന്ന കൃതിയില്‍. നടന്‍ കൂടിയായിരുന്ന തമ്പുരാന്‍ എഴുതിയ പ്രഹസനങ്ങളാണ്
മുന്നാട്ടുവീരന്‍, കര്‍മ്മവിപാകം, കാലവിപര്യയം, വാസനാവിജയം എന്നിവ. സംഘക്കളി എന്ന
പേരില്‍ ആ കലാരൂപത്തെപ്പറ്റി ഒരു പഠനവും അദ്ദേഹം എഴുതിയിട്ടുണ്ട്. കവി എന്ന നിലയില്‍
തമ്പുരാന്റെ പ്രാവീണ്യം വേണ്ടത്ര ശ്രദ്ധിക്കപെ്പട്ടിട്ടില്‌ള.  ഭൂതരായര്‍ സിനിമ ആക്കുന്നതിന്
അദ്ദേഹം ശ്രമിച്ചു. അതിന്റെ തിരക്കഥ തയ്യാറാക്കി. കഥാപാത്രങ്ങളുടെ ആടയാഭരണങ്ങള്‍ക്ക്
രൂപകല്പന നടത്തി. അതിന്റെ നിര്‍മ്മാണത്തിന് ഒരു കമ്പനി തുടങ്ങുകകൂടി ചെയ്തു.
    തമ്പുരാന്റെ ഉത്സാഹത്തിലും നേതൃത്വത്തിലും ആണ് സാഹിത്യപരിഷത്തിന്റെ രണ്ടാം സമ്മേളനം തൃശ്ശൂരില്‍ നടന്നത്. അന്ന് അതിന്റെ ഭാഗമായി ഒരു സാഹിത്യകലാ പ്രദര്‍ശനം അദ്ദേഹം സംഘടിപ്പിച്ചു.
പരിഷത്തിന്റെ പല പില്ക്കാല സമ്മേളനങ്ങളിലും അധ്യക്ഷനായോ, ഉദ്ഘാടകനായോ,
പ്രസംഗകനായോ അദ്ദേഹം പങ്കുകൊണ്ടു. പരിഷത്ത് ഒരു രജിസ്റ്റേഡ് സംഘടന ആക്കുന്നതിലും
നേതൃത്വപരമായ പങ്ക് അപ്പന്‍ തമ്പുരാന്റെതായിരുന്നു. കൊച്ചി ഭാഷാ പരിഷ്‌കരണക്കമ്മിറ്റി
അധ്യക്ഷന്‍, തൃശ്ശൂര്‍ സീതാറാം കമ്പനി ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

കൃതികള്‍:ഭാസ്‌കരമേനോന്‍,ഭൂതരായര്‍, മംഗളമാല അഞ്ചുഭാഗങ്ങള്‍, പ്രസ്ഥാനപഞ്ചകം,ദ്രാവിഡവൃത്തങ്ങളും അവയുടെദശാപരിണാമങ്ങളും