ചവറ പാറുക്കുട്ടി
ചവറ പാറുക്കുട്ടി(ജനനം മാര്‍ച്ച് 21, 1944) കേരളത്തിലെ വിഖ്യാതയായ കഥകളി ആട്ടക്കാരിയാണ്. പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമാണ് അവര്‍. അന്‍പതുവര്‍ഷത്തിലധികം കാലമായി അവര്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവതാരമാണ്.കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍. ശങ്കരന് ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1118 കുംഭമാസത്തിലെ പൂയം നാള് ((1943 ഫെബ്രുവരി 21) ജനിച്ചു.കാമന്‍കുളങ്ങര എല്‍.പി.സ്കൂളിലും ചവറ ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്.എന്‍. വിമന്‍സ് കോളേജില്‍ നിന്നും പ്രി യൂണിവേര്സിറ്റിയും ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും പാസ്സായി.സ്കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള് ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്ന് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചെടുക്കുകയും ചെയ്തു.
ഒരിക്കല്‍ കൊല്ലം ഉണ്ണിച്ചക്കന്‍ വീട് വക അമ്പലത്തില്‍ കഥകളി നടക്കുമ്പോള്‍ അക്കാലത്തെ പ്രശസ്ത സ്ത്രീവേഷകലാകാരനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയുടെ സ്ത്രീവേഷം കാണുവാനിടയായി. അദ്ദേഹം നടത്തിവന്നിരുന്ന സമസ്തകേരള കഥകളി വിദ്യാലയത്തിലേക്ക് തുടര്‍പഠനത്തിനായി ക്ഷണിച്ചു. പാറുക്കുട്ടിയമ്മയെക്കൊണ്ട് അദ്ദേഹം എല്ലാ സ്ത്രീവേഷങ്ങളും വിശദമായി ചൊല്ലിയാടിച്ചു.ഡല്‍ഹിയിലും മദ്രാസിലും നടന്ന കഥകളിയില്‍ മാങ്കുളത്തോടൊപ്പം പാറുക്കുട്ടിയും വേഷങ്ങള്‍ പങ്കിട്ടു.മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ വത്സലശിഷ്യയാകാനുള്ള അവസരം പാറുക്കുട്ടിയുടെ കഥകളിപാടവത്തിന് പ്രത്യേക മിഴിവേകി. അരങ്ങിലും ആട്ടത്തിലും അവര്‍ പ്രദര്‍ശിപ്പിക്കുന്ന അനിതരസാധാരണമായ പാണ്ഡിത്യത്തിന് അടിസ്ഥാനം അദ്ദേഹത്തിനു കീഴിലുള്ള പരിശീലനമാണത്രേ.
സ്ത്രീവേഷങ്ങള്‍ക്കുപരി, പുരുഷവേഷങ്ങള്‍ കൈകാര്യം ചെയ്യാനും ചവറ പാറുക്കുട്ടി നിപുണയാണ്. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യും. എങ്കിലും പ്രശസ്തമായിട്ടുള്ളത് സ്ത്രീവേഷങ്ങള് തന്നെ. ദേവയാനി, ദമയന്തി, പൂതന ലളിത, ഉര്‍വ്വശി, കിര്‍മ്മീരവധം ലളിത, കിര്‍മ്മീരവധം ലളിത, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്, കൃഷ്ണന്, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങി എല്ലാ വേഷങ്ങളും കെട്ടാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം ദേവയാനിയാണ്.
ആട്ടത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി 'ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം' എന്നൊരു ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
പുരസ്കാരങ്ങള്‍
പന്നിശ്ശേരി നാണുപിള്ള സ്മാരക അവാര്‍ഡ്
എം.കെ.കെ. നായര്‍ സ്മാരക അവാര്‍ഡ് (1999)
ഹൈദരലി സ്മാരക കഥകളി അവാര്‍ഡ്
കേരള കലാമണ്ഡലം അവാര്‍ഡ് (2003)
കേരള സംഗീതനാടക അക്കാദമി 'ഗുരുപൂജ' പുരസ്കാരം (2005)
കൊട്ടാരക്കര തമ്പുരാന് അവാര്‍ഡ് (കൊല്ലം കഥകളി ക്ലബ്ബ്)
കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അവാര്‍ഡ് (ആലപ്പുഴ ക്ലബ്ബ്)
ഗുരു ചെങ്ങന്നൂര്‍ രാമന് പിള്ള അവാര്‍ഡ്
മാതൃഭൂമി ഗൃഹലക്ഷ്മി വേദി അവാര്‍ഡ് (2008)
Leave a Reply Cancel reply