പുന്നശ്ശേരി നീലകണ്ഠശര്‍മ്മ
സാമൂഹ്യ പരിഷ്കര്‍ത്താവും, സംസ്കൃത പണ്ഡിതനുമായിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ്മ. മലബാറിലെ വള്ളുവനാടന്‍ താലൂക്കില്‍ പട്ടാമ്പിയില്‍ പുന്നശ്ശേരി ഇല്ലത്തെ നാരായണ ശര്‍മ്മയുടെയും വരവൂര്‍ തളിയില്‍ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17ന് ജനനം. അഞ്ചു വയസ്സായപ്പോള്‍ കുലഗുരുവായിരുന്ന അറങ്ങോട്ടു വാര്യര്‍ പാരമ്പര്യമനുസരിച്ച് എഴുത്തിനിരുത്തി. അദ്ദേഹവും തൃത്താല എടവീട്ടില്‍ ഗോവിന്ദ മാരാരും, കുലുക്കല്ലൂര്‍ ഉണിക്കണ്ടവാര്യരും ആദ്യകാല ഗുരുക്കന്മാരാണ്. സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. തുടര്‍ന്ന് കേരളവര്‍മ്മ ഉമിത്തിരി പുന്നശ്ശേരി ഇല്ലത്ത് താമസിച്ച് നമ്പിയെ പഠിപ്പിച്ചു. കാവ്യനാടകാദികള്‍, ജ്യോതിഷ ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതില് നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും മറ്റും അഭ്യസിച്ചു.
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യം നേടി. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888ല്‍ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു. 1921ല്‍ കോളേജ് ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും, ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതിമതലിംഗ ഭേദമന്യേ ഏവര്‍ക്കും വിജ്ഞാനം പകര്‍ന്നുകൊടുത്ത സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു പുന്നശ്ശേരി നമ്പി. ഒരേസമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍, ദുര്‍ഗ്രഹശാസ്ത്രങ്ങള്‍ പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായാണ് മഹാകവി പിയെ പോലുള്ള ശിഷ്യന്മാര് നമ്പിയെക്കുറിച്ച് അനുസ്മരിക്കുന്നത്.
വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു. 1078ല്‍ ചിന്താമണിയെന്ന പേരില്‍ ഒരു വൈദ്യശാലയും സ്ഥാപിച്ചു. ഗുരുനാഥന് എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ല്‍ തിരുവിതാംകൂര്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടന് തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്വല്‍സദസ്സില്‍നിന്ന് പണ്ഡിതരാജ ബിരുദവും കിട്ടിയിട്ടുണ്ട്.
കെ.പി. നാരായണ പിഷാരോടി, പി. കുഞ്ഞിരാമന് നായര്‍, പി.എസ്. അനന്തനാരായണശാസ്ത്രി, വിദ്വാന് പി. കേളുനായര്‍, റ്റി.സി. പരമേശ്വരന് മൂസ്സത്, തപോവന സ്വാമികള്‍ മുതലായവരൊക്കെ പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളില്‍ ചിലരാണ്.
Leave a Reply Cancel reply