തകഴി ശിവശങ്കരപ്പിള്ള
തകഴി ശിവശങ്കരപ്പിള്ള 1956ല്‍ എഴുതിയ മലയാള നോവലാണ് ചെമ്മീന്‍. ഹിന്ദു മത്സ്യതൊഴിലാളിയുടെ മകള്‍ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്ത വ്യാപാരിയുടെ മകന് 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥ. മുക്കുവക്കുടിലുകളില്‍ അക്കാലത്ത് വ്യാപകമായിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭര്‍ത്താവ് മീന്‍ പിടിക്കാന്‍ കടലില്‍ പോയ സമയത്ത് വിശ്വാസവഞ്ചന കാട്ടിയാല്‍ കടലമ്മ ഭര്‍ത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരില്‍ തന്നെ ചലച്ചിത്രം സംവിധാനം ചെയ്ത് നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയിരുന്നു.മുക്കുവന്റെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ദൈനംദിന ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ തകഴി ആവിഷ്കരിക്കുന്നു.
കടലിനോട് മല്ലിട്ട് ഉപജീവനം തേടുന്ന മുക്കുവന്റെ മോഹങ്ങളും, മോഹഭംഗങ്ങളും, പങ്കപ്പാടുകളും മനോഹരമായി വരഞ്ഞിടുന്ന നോവലാണ് ചെമ്മീന്‍. യുനസ്കോയുടെ കളക്ഷന്‍ ഓഫ് റെപ്രസെന്റേറ്റീവ് വര്‍ക്ക്സ് ഇന്ത്യന്‍ സീരീസ് എന്നതിന്റെ ഭാഗമായി വി.കെ.നാരായണമേനോന് ഇത് 1962ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. ലണ്ടനിലെ വിക്ടര്‍ ഗൊലാന്‍സ് ആയിരുന്നു പ്രസാധകന്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവലാണിത്.
വായനക്കാരുടെ മുക്തകണ്ഠ പ്രശംസപിടിച്ചുപറ്റിയ ഈ നോവല്‍ പ്രമുഖമായ ആറ് വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, റഷ്യന്‍, ജര്‍മ്മന്‍, അറബിക്, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നിവയാണവ. ഇന്ത്യയിലെ നിരവധി പ്രാദേശിക ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തവയില് പ്രസിദ്ധം നാരായണ മേനോന്റെ പരിഭാഷയാണ്. നിരവധി പതിപ്പുകള്‍ ഈ വിവര്‍ത്തനത്തിനു ഉണ്ടായി. ഇംഗ്ലീഷ് പരിഭാഷയുടെ തലക്കെട്ട് 'ആന്കര് ഓഫ് ദി സീ ഗോഡസ്സ്' (Anger of the SeaGoddess) എന്നാണ്. ചെമ്മീന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഏറ്റവും ആദ്യം ശ്രമിച്ചത് പ്രസിദ്ധ ചരിത്രപണ്ഡിതനും സാമൂഹ്യശാസ്ത്രജ്ഞനുമായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ ആയിരുന്നുവത്രേ. പക്ഷേ, മൂലകൃതിയുടെ പ്രസിദ്ധീകരണത്തിനു തൊട്ടു പിന്‍പേ പുറത്തിറങ്ങിയ 'ചെമ്മീന്‍ ഒരു നിരൂപണം' എന്ന ഡോ. വേലുക്കുട്ടി അരയന്റെ ഗ്രന്ഥത്തില്‍, പണിക്കരുടെ ഉദ്യമത്തെ പേരെടുത്തു പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണെന്നു വിശ്വസിക്കപ്പെടുന്നു, സര്‍ദാര്‍ തന്റെ തര്ജ്ജമാശ്രമം തുടര്‍ന്നില്ല.
അറബി ഭാഷയില്‍ ഈ നോവലിന്റെ വിവര്‍ത്തനം നിര്‍വഹിച്ചത് മുഹ്യിദ്ദീന് ആലുവായ് ആയിരുന്നു. 'ഷമ്മീന്‍' എന്നായിരുന്നു തലക്കെട്ട്.
1965ല്‍ രാമു കാര്യാട്ട് ഈ നോവലിനെ ചലച്ചിത്രമാക്കി. 1965ല്‍ മികച്ച ചലച്ചിത്ര വിഭാഗത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണപ്പതക്കം ചിത്രത്തെ തേടിയെത്തി. ഷീല, മധു, കൊട്ടാരക്കര ശ്രീധരന് നായര്‍, സത്യന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്.എല്‍ പുരം സദാനന്ദന് തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മാര്‍ക്വസ് ബര്‍ട്ട്ലി ആയിരുന്നു. ചിത്രസന്നിവേശം ഋഷികേഷ് മുഖര്‍ജിയും കെ.ഡി.ജോര്‍ജും നിര്‍വഹിച്ചു. വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് സലില്‍ ചൗധരി ഈണം പകര്‍ന്നു. മന്നാഡെ, കെ.ജെ. യേശുദാസ്, പി. ലീല എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.
Leave a Reply Cancel reply