വയലാര്‍ രാമവര്‍മ്മ
പ്രശസ്ത കവിയും ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വയലാര്‍ രാമവര്‍മ്മ (മാര്‍ച്ച് 25 1928-ഒക്ടോബര്‍ 27, 1975). ജനനം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ച് മാസം 25ന്. അച്ഛന് വെള്ളാരപ്പള്ളി കേരളവര്‍മ. അമ്മ വയലാര്‍ രാഘവപറമ്പില്‍ അംബാലിക തമ്പുരാട്ടി. ചേര്‍ത്തല ഹൈസ്കൂളില്‍ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേല്‍നോട്ടത്തില്‍ ഗുരുകുല രീതിയില്‍ സംസ്കൃത പഠനം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. പാദമുദ്ര (കവിതകള്‍ ) തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്. പച്ചമനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തില്‍പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961ല്‍ സര്‍ഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1974ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി. കെ.പി.എ.സിക്ക് വേണ്ടി രചിച്ച ‘ബലികുടീരങ്ങളെ…’ എന്ന ഗാനം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. അക്കാലത്ത് വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഭാരതിഅമ്മ ഭാര്യയും, പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ മക്കളുമാണ്. പില്ക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെക്കുറിച്ച് ‘ഇന്ദ്രധനുസ്സിന് തീരത്ത്’ എന്ന കൃതി രചിച്ചു.1975 ഒക്ടോബര്‍ 27നു നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ വയലാര്‍ അന്തരിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചതായിരുന്നു വയലാര്‍ രാമവര്‍മയുടെ ചൈനാവിരുദ്ധ പ്രസംഗം. യുദ്ധകാലത്ത് 1962 ഒക്ടോബര്‍ 27നായിരുന്നു വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് രണ്ടുവര്‍ഷം മുമ്പ് വയലാറില്‍ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാര്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചത്. 1962 ഒക്ടോബര്‍ 20ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികള്‍ രൂപപ്പെട്ട കാലത്തായിരുന്നു അത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികള്‍ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാര്‍ തിരുത്തി. യുദ്ധകാലമായതിനാല്‍ ചൈനാ പക്ഷപാതികളായ നേതാക്കള്‍ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമര്‍ശം. പിളര്‍പ്പിനുശേഷം വയലാറിനെ സി.പി.ഐ. ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. ചൈനാപക്ഷപാതികള്‍ പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. 1956ല്‍ 'കൂടപ്പിറപ്പ്' എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാര്‍ 250ലേറെ ചിത്രങ്ങള്‍ക്കു വേണ്ടി 1300 ഗാനങ്ങള്‍ എഴുതി. 25 നാടകങ്ങളിലായി 150 നാടകഗാനങ്ങളും എഴുതി.
കൃതികള്‍
കവിതകള്‍:
പാദമുദ്രകള്‍(1948)
കൊന്തയും പൂണൂലും
എനിക്കു മരണമില്ല(1955)
മുളങ്കാട് (1955)
ഒരു യൂദാസ് ജനിക്കുന്നു(1955)
എന്റെ മാറ്റൊലിക്കവിതകള്‍(1957)
സര്‍ഗസംഗീതം(1961)
രാവണപുത്രി
അശ്വമേധം
സത്യത്തിനെത്ര വയ്യസ്സായി
താടക
ഖണ്ഡ കാവ്യം:
ആയിഷ
തിരഞ്ഞെടുത്ത ഗാനങ്ങള്‍:
ഏന്റെ ചലചിത്രഗാനങ്ങള്‍ ആറു ഭാഗങ്ങളില്‍
കഥകള്‍:
രക്തം കലര്‍ന്ന മണ്ണ്
വെട്ടും തിരുത്തും
ഉപന്യാസങ്ങള്‍
പുരുഷാന്തരങ്ങളിലൂടെ
റോസാദലങ്ങളും കുപ്പിച്ചില്ലുകളും
മറ്റ് കൃതികള്‍:
വയലാര്‍ കൃതികള്‍
വയലാര്‍ കവിതകള്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍
1961 – സര്‍ഗസംഗീതം (കവിതാ സമാഹാരം)
ദേശീയ ചലച്ചിത്ര പുരസ്കാരം
1973 – മികച്ച ഗാനരചയിതാവ് (മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു-അച്ഛനും ബാപ്പയും)
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍
1969 – മികച്ച ഗാനരചയിതാവ്
1972 – മികച്ച ഗാനരചയിതാവ്
1974 – മികച്ച ഗാനരചയിതാവ്
1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകള്‍, സ്വാമി അയ്യപ്പന്-മരണാനന്തരം)
Leave a Reply