പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവന്‍ പിള്ള.
ജനനം 1943ല്‍ കൊട്ടാരക്കര വയലാ ഗ്രാമത്തില്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി. നാടക കളരികളിലൂടെ സജീവമായശേഷം 1984 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അസോസിയേറ്റ് ഡയറക്ടറായി. പിന്നീട് 1990ല്‍ റോം യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവര്‍ണ്ണരേഖ എന്ന പേരില്‍ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ പോസ്റ്റ് ഡോക്ട്രല്‍ ഫെലോഷിപ്പും, ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഫെല്ലോഷിപ്പും, ജപ്പാന്റെയും പാരീസ് യൂണിവേഴ്‌സിറ്റിയുടേയും ഫെലോഷിപ്പുകളും നേടി. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കല്‍പ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ചു. യൂറോപ്യന്‍ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ എഴുതുകയും നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 2011 ഓഗസ്റ്റ് 29ന് അന്തരിച്ചു.

കൃതികള്‍

വിശ്വദര്‍ശനം
തുളസീവരം
രംഗഭാഷ
അഗ്‌നി
വരവേല്‍പ്പ്
കുചേലഗാഥ
സൂത്രധാരാ ഇതിലെ ഇതിലേ
കുഞ്ഞിച്ചിറകുകള്‍
സ്വര്‍ണക്കൊക്കുകള്‍

പുരസ്‌ക്കാരങ്ങള്‍

ഒമ്പതു തവണ സംസ്ഥാന പുരസ്‌ക്കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1983)
മൂന്നു തവണ ദേശീയ പുരസ്‌കാരം
ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഫെലോഷിപ്പ്
അമേരിക്കന്‍ പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ്