ഒരു അളവ്. ചെറിയൊരു അളവുപാത്രം. ഇടങ്ങഴിയുടെ നാലിലൊരു ഭാഗം. ധാന്യാദികള്‍ അളക്കുവാന്‍ മരംകൊണ്ടോ, പിച്ചളകൊണ്ടോ, ഓടുകൊണ്ടോ, മറ്റു ലോഹങ്ങള്‍കൊണ്ടോ ‘നാഴി’ എന്ന അളവുപാത്രം ഉണ്ടാക്കിവന്നിരുന്നു. ദ്രാവക വസ്തുക്കള്‍ അളക്കുവാന്‍ ‘തുട’മാണ് ഉപയോഗിച്ചിരുന്നത്. നാല് തുടം ചേര്‍ന്നാലേ ഒരു നാഴി ആകയുള്ളൂ. നാലുതുടം കൊള്ളുന്ന കിണ്ടി (നാഴിക്കിണ്ടി) ഒരു അളവുപാത്രമായി വീടുകളില്‍ ഉപയോഗിക്കുമായിരുന്നു.അഷ്ടമംഗലത്തില്‍പ്പെട്ടതാണ് ‘നിറനാഴി’. (ഇടങ്ങഴിയില്‍ നിറയെ നെല്ലും, നാഴിയില്‍ നിറയെ അരിയും). ഇടങ്ങഴിക്കുപകരം ചങ്ങഴി, സേറ് എന്നീ അളവുപാത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ അവയുടെ നാലിലൊരുഭാഗം അളക്കുവാന്‍ പറ്റുന്ന ‘നാഴി’കളാണ് ഉപയോഗിക്കുക. ചങ്ങഴിനാഴി, സേറ്‌നാഴി എന്നിങ്ങനെയാണ് അവയുടെ പേരുകള്‍.