തമിഴ് സിനിമ നാടക നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാല സിങ് ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ കലാലോകത്ത് എത്തിയ നടന്‍ 1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനായിമാറിയത്. പുതുപ്പേട്ടൈയിലെ വില്ലന്‍ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമായി ശ്രദ്ധിക്കപ്പെട്ടത്. എന്‍ജികെ, മാഗമുനി, ദീന, തുടങ്ങി ഒട്ടേറെ സിനിമകളിലും കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.