എവിടെ ചെന്നാലും പരിഹാസം നിറഞ്ഞ ചോദ്യവും കളിയാക്കലും പുച്ഛവും മാത്രമായിരുന്നു. സ്വന്തം മക്കളുടെ ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങിപുപ്പുറപ്പെട്ട ഒരു പിതാവ് പറയുന്നത്. എല്ലായിടത്തും കേള്‍ക്കേണ്ടി വന്നത് കേള്‍വിശക്തിയില്ലാത്തവര്‍ക്ക് ബൈക്ക് റേസിങ്ങോ?… എന്ന പരിഹാസം നിറഞ്ഞ ചോദ്യമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന റേസിങ് പരിശീലന കേന്ദ്രത്തിലെല്ലാം കയറിയിറങ്ങി. എല്ലായിടത്തും പുച്ഛവും കളിയാക്കലും. കണ്ണുകാണാത്തവരെ റേസിങ് ട്രാക്കിലിറക്കാം, പക്ഷേ കേള്‍വി ശക്തിയില്ലാത്തവരെ പറ്റില്ലെന്ന് ഒരു ട്രെയിനര്‍ അപമാനിച്ച് വിട്ട സംഭവവുമുണ്ടായി. കൊച്ചി സ്വദേശിയായ ജോ ഫ്രാന്‍സിസ് പിന്മാറാന്‍ തയ്യാറല്ലായിരുന്നു. മക്കളുടെ ആഗ്രഹം നിറവേറ്റാനായി അദ്ദേഹം വീണ്ടും അന്വേഷണം തുടര്‍ന്നു.
ഒടുവില്‍ ആ പിതാവിന്റെ ആവശ്യം ബെംഗളൂരുവിലെ റേസിങ് അക്കാദമി മനസ്സിലാക്കി. കേള്‍വിശക്തിയില്ലാത്തവരെ റേസിങ് ട്രാക്കിലേക്ക് ഒരുക്കുക എന്നത് ഒരു വെല്ലുവിളിയായി എടുത്ത് പരിശീലനം നല്‍കാന് അക്കാദമി തീരുമാനിച്ചു. രണ്ടര വര്‍ഷം മുമ്പ് സോഫിയാ ജോ, റിച്ചാര്‍ഡ് ജോ സഹോദരങ്ങള്‍ അക്കാദമിയില്‍ ചേര്‍ന്നു. കോയമ്പത്തൂരിലെ റേസിങ് ട്രാക്കില്‍ പരിശീലനവും ആരംഭിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം. അവിടെ തങ്ങി പരിശീലനം നടത്തുന്നത് പ്രായോഗികമല്ല. അതിനാല്‍ റേസിങ് പരിശീലനം നടക്കുന്നിടത്തേക്ക് പോയി വരാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ സ്വന്തം കാറില്‍ പിതാവും മക്കളും പുറപ്പെടും.
താമസമടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തെ മുന്‍കൂറായി പണമടയ്ക്കണം. കൂടെ ട്രാക്കിന്റെയും ബൈക്കിന്റെയും റേസിങ് സ്യൂട്ടിന്റെയും ബൂട്ടിന്റെയും വാടക, പരിശീലന ഫീസ്. കൂടെ യാത്രാ ചെലവ്. അങ്ങനെ രണ്ട് ദിവസത്തെ ചെലവ് ഒരു ലക്ഷം രൂപയാണ്. വലിയ ചെലവ് വഹിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും മക്കളുടെ ആഗ്രഹം നിറവേറ്റാന്‍ തനിക്ക് കഴിയുന്നതുവരെ ശ്രമം നടത്താനാണ് ജോയുടെ തീരുമാനം.
റേസിങ്ങില്‍ മത്സരിക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സോഫിയയും റിച്ചാര്‍ഡും. നാഷണല്‍ റെയ്‌സിങ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കണമെന്നതാണ് ഇരുവരുടെയും ആഗ്രഹം. സ്ത്രീകള്‍ക്കായി പ്രത്യേകം റേസ് ഉണ്ടെങ്കിലും തനിക്ക് അങ്ങനെയുള്ള പ്രത്യേക പരിഗണന വേണ്ടെന്നാണ് സോഫിയ പറയുന്നത്.ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ ബധിര വനിതയാണ് മിസ് ഡഫ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പു കൂടിയായ സോഫിയ. മിസ് ഡഫ് വേള്‍ഡില്‍ പങ്കെടുത്ത ആദ്യ മലയാളി കൂടിയാണ് സോഫിയ. ടി.വി.എസ്. അക്കാദമിയുടെ ബൈക്ക് റേസിങ് പരിശീലനവും ഇരുവരും നേടുന്നുണ്ട്.