മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പത് മുതല്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം 12.07 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലുമായിരുന്നു ജയ്റ്റ്‌ലി. കഴിഞ്ഞ വര്‍ഷം മേയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലിക്ക് ചികിത്സയുടെ ഭാഗമായി അമേരിക്കയില്‍ പോയിരുന്നതിനാല്‍ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് ജയ്റ്റ്‌ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.
എ.ബി.വാജ്‌പേയ്, നരേന്ദ്ര മോദി മന്ത്രിസഭകളില്‍ മന്ത്രിപദം അലങ്കരിച്ച ജയ്റ്റ്‌ലി പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നീ പദവികളിലും തിളങ്ങിയ വ്യക്തിത്വമാണ്. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ജയ്റ്റ്‌ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിട്ടുണ്ട്. 1973ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1989 ല്‍ വി.പി.സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനവും വഹിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമാണ്. സംഗീതയാണ് ഭാര്യ. മക്കള്‍: റോഹന്‍, സൊണാലി.