തിങ്കളാഴ്ച പുലര്‍ച്ചെ 2.43ന് ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യം വിജയകരമായി സമാരംഭിച്ചതില്‍ നാസയും അഭിനന്ദനമറിയിച്ച് രംഗത്തെത്തി. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനു തൊട്ടുപിന്നാലെ ‘ഇന്ത്യ ചന്ദ്രനിലേക്കുളള തന്റെ വിജയയാത്ര തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് അമേരിക്ക അടക്കമുളള രാജ്യങ്ങളിലെ പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയതിന്റെ 50ാം വര്‍ഷം തികയുമ്‌ബോള്‍ തന്നെയാണ് ഇന്ത്യയുടെ വിജയനേട്ടം.ചുരുങ്ങിയ ചിലവിലുള്ള ചന്ദ്രയാന്‍ 2 വിജയകരമായ വിക്ഷേപണം രാജ്യത്തിനു അഭിമാനമാണെന്ന് അമേരിക്കന്‍ പത്രങ്ങള്‍ കുറിച്ചു. വളരെ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു രണ്ടാം ശ്രമത്തില്‍ തന്നെ വിജയകരമായി വിക്ഷേപണം നടത്തിയതില്‍ ഐസ്ആര്‍ഒയുടെ സാങ്കേതിക മേഖല പ്രശംസ അര്‍ഹിക്കുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തി. ഭൂമിയില്‍ നിന്നും 200,000 കിലോമീറ്റര്‍ അകലെ ചന്ദ്രനില്‍ വിജയക്കൊടി പാറിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അധികമാരും പരീക്ഷിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് കുറിച്ചു. ചന്ദ്രനെ അടുത്തറിയാനുളള മികച്ച അവസരമാണ് ചന്ദ്രയാന്‍ 2ലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. ഒരു വന്‍ജനത തന്നെ ഇന്ത്യയുടെ നീക്കങ്ങളെ നോക്കികാണുകയാണ്.ചന്ദ്രയാന്‍ 2 ഇന്ത്യയുടെ ചരിത്രവിജയമാണ്. ശാസ്ത്രലോകത്തേക്ക് ഇന്ത്യ മുന്‍നിരയില്‍ എത്തും. 2022ല്‍ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യ കാലുകുത്തും, സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ കുറഞ്ഞ ചിലവില്‍ 104 സാറ്റലൈറ്റ് വിക്ഷേപിച്ചു ഇന്ത്യ റെക്കോര്‍ഡ് ഇട്ടിരുന്നു.2014ല്‍ ചൊവ്വയിലേക്കുളള മംഗള്‍യാന്‍ വിക്ഷേപണത്തിലൂടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ചൊവ്വയിലേക്ക് വിക്ഷേപണം നടത്തിയ രാജ്യം എന്ന റെക്കോര്‍ഡ് ഇന്ത്യ നേടിയിരുന്നു. ഹോളിവുഡ് ചിത്രമായ ഗ്രാവിറ്റിയുടെ നിര്‍മ്മാണത്തിന് 100 മില്യണ്‍ ഡോളര്‍ ചിലവിട്ടപ്പോള്‍ 74 മില്യണ്‍ ഡോളറിന് ഇന്ത്യ ചൊവ്വയിലേക്ക് വിജയകരമായി മംഗള്‍യാന്‍ വിക്ഷേപിച്ചു.ചന്ദ്രയാന്‍ 2 ഐഎസ്ആര്‍ഒയുടെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമാണിത്. വിക്ഷേപണം നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ ഐഎസ്ആര്‍ഒയില്‍ വിജയത്തിന്റെ കരഘോഷം മുഴങ്ങിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.