വയസ്സായാല്‍ തന്റെ മുഖം എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആഗ്രഹം എല്ലാര്‍ക്കും ഉണ്ട്. ഈ കാരണം കൊണ്ട് തന്നെ ഫേസ് ആപ്പ് ചലഞ്ച് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല പ്രായമായാല്‍ താന്‍ ഇങ്ങനെയായിരിക്കുമെന്ന് താരങ്ങളും പറഞ്ഞിരുന്നു. നീരജ് മാധവായിരുന്നു ഫേസ് ആപ്പ് ചലഞ്ചാക്കി മാറ്റി ആദ്യം എത്തിയത്. മഞ്ജു വാര്യരും ടൊവിനോ തോമസുമെല്ലാം ഇതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം അത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തിയപ്പോഴും മമ്മൂട്ടിയുടെ ഫോട്ടോ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഈ ആപ്പ് മമ്മൂട്ടിക്ക് ബാധകമല്ലെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരില്‍ നിന്നും വന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പറ്റിയില്ലെന്നും അങ്ങനെയൊന്നും അദ്ദേഹം തോല്‍ക്കില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫേസ് ആപ്പ് ഉപയോഗിച്ചുള്ള ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോ പെട്ടെന്ന് തന്നെ തരംഗമായി മാറുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടിക്കും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ധര്‍മ്മജന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ധര്‍മ്മജനും പിഷാരടിക്കും പ്രായമായപ്പോള്‍ മമ്മൂട്ടി മാത്രം ചെറുപ്പമായിരിക്കുകയാണ്. ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷനിലെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. പിഷാരടിക്കും ധര്‍മ്മജനും നടുവിലായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് അദ്ദേഹത്തിനെന്നാണ് വിമര്‍ശകര്‍ പോലും പറയുന്നത്.