മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 68ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് പിറന്നാള്‍ ആശംസകളുമായെത്തിയ ആരാധകരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആര്‍ദ്ധരാത്രി വീടിന് പുറത്ത് തങ്ങളുടെ സൂപ്പര്‍സാറ്റിന് പിറന്നാളാംശസകളുമായി നൂറുകണക്കിന് ആരാധകരാണ് എത്തിയത്.
ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് ഉറക്കെ വിളിച്ച് ആരാധകര്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി. ആരാധകരുടെ ആശംസകള്‍ സ്വീകരിച്ചു. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.പിന്നീട് ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്തു.
പിറന്നാള്‍ മധുരത്തിനൊപ്പം തന്നെ ഗാനഗന്ധര്‍വന്‍ എന്ന പുതിയ സിനിമയുടെ ട്രെയിലറും അര്‍ധരാത്രി പുറത്തിറങ്ങി. ഈ സമയം ഗാനഗന്ധര്‍വന്റെ സംവിധായകന്‍ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലായിരുന്നു ജനനം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയെത്തിയ മമ്മൂട്ടിയില്‍ നിന്നും ഇന്നത്തെ മമ്മൂട്ടിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഒരു മനുഷ്യന് 30 വര്‍ഷം കൊണ്ട് നേടാന്‍ കഴിയുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കി അദ്ദേഹം. ഇന്ത്യയിലെ മികച്ച നടന്‍മാര്‍ ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുള്ളയാള്‍. എന്നാല്‍ മമ്മൂട്ടി സ്വയം വിലയിരുത്തുന്നത് താന്‍ ഒരു ബോണ്‍ ആക്ടര്‍ അല്ല എന്നാണ്. അതായത്, കഠിനാദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അഭിനയത്തികവാണ് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി തിളങ്ങുന്നത്.