തിരുവനന്തപുരം: ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വില്ല്യം ഷേക്‌സ്പിയറുടെ ജന്‍മദിനവുമാണ് (ഷേക്‌സ്പിയര്‍ ജനിച്ചതും മരിച്ചതും ഇതേദിവസം തന്നെ).
ഇത്തവണത്തെ പുസ്തകദിനം കൊവിഡിന്റെ കെടുതികള്‍ക്കിടയ്ക്കാണ് വരുന്നതെന്ന പ്രത്യേകതയുണ്ട്. ലോകജനസംഖ്യയില്‍ മുക്കാല്‍ പങ്കും വീടുകളില്‍ അടച്ചിട്ട മുറികളിലാണ്. വായനയക്ക് ധാരാളം സമയം കിട്ടുന്നു. ആശുപത്രിക്കിടക്കയിലും ഐസലേഷനിലുമായി ദശലക്ഷങ്ങള്‍ കഴിയുന്നു. യൂറോപ്പിലും മറ്റുമായി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ മരിച്ചു കഴിഞ്ഞു. ഇന്ത്യയിലും മരണം ആയിരത്തോടടുക്കുന്നു. സന്തോഷിക്കാന്‍ ഒട്ടും ഇടമില്ല. എന്നാലും, പുസ്തകം വായിച്ചു എല്ലാം മറക്കാന്‍ മാനവരാശി ശ്രമിക്കും.


കേരളത്തില്‍ പുസ്തകദിനത്തിന് മുന്നോടിയായി വളരെ പ്രത്യേകതയുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കൊവിഡ് കാലത്ത് സ്‌കൂള്‍ കുട്ടികള്‍ എഴുതിയ കഥകളുടെയും കവിതകളുടെയും ലേഖനങ്ങളുടെയും സമാഹാരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. കുട്ടികള്‍ ഇതുവരെ അയച്ച 42000 രചനകളില്‍ നിന്ന് തിരഞ്ഞെടുത്തവ എസ്.സി.ഇ.ആര്‍.ടി തുടക്കത്തില്‍ മൂന്നു പുസ്തകരൂപത്തില്‍ ഇറക്കി. ഈ ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവു പത്രസമ്മേളനത്തില്‍ ശ്ലാഘിക്കുകയും ചെയ്തു.