കെ കെ ജയേഷ്

എന്നിൽ നിന്നും എന്നിലേക്കുള്ള
ദൂരം കുറഞ്ഞപ്പോൾ
എന്നിൽ നിന്നും നിന്നിലേക്കുള്ള
ദൂരവും കുറഞ്ഞു.

സുഹൃത്തേ, ഇപ്പോൾ
നമ്മളകന്നിരിക്കുന്നത്
അകലങ്ങളില്ലാതെ
അടുക്കാൻ വേണ്ടി.

ഇപ്പോൾ ഞാൻ എന്നിലേക്ക്
കൂടുതലാഴത്തിൽ ഊളിയിടട്ടെ
ആഴങ്ങളിൽ നിന്ന്
മുത്തുകളുമായി ഞാൻ

പൊങ്ങിയെത്തുമ്പോൾ
കരയിൽ കാത്തു നീ ഉണ്ടാവുമെന്നറിയാം
നമ്മൾ മുങ്ങിയെടുത്ത
തിരിച്ചറിവിൽ മുത്തുകൾ
നമുക്കപ്പോൾ പങ്കിടാം.

ഏകാന്ത ധ്യാനത്തിൽ അനുഭവം
പറഞ്ഞു തീർക്കാം..
സ്വന്തമാക്കിയതൊന്നും
ചിലപ്പോൾ ഒന്നുമാവില്ലെന്ന

തിരിച്ചറിവ് പറഞ്ഞു ചിരിക്കാം..
കരയാം.. ചേർത്തുപിടിക്കാം..
കാലമെന്നും മാറും
ലോകമെന്നും ഇങ്ങിനെ തുടരില്ല

ദുരിതകാലങ്ങളെ താണ്ടി
പുതുപുലരിയിലേക്ക് നമ്മൾ
കൺതുറക്കും.
പൂപ്പൊലിപ്പാട്ടുമായി വസന്തമെത്തും

ശാന്തി തൻ നക്ഷത്രങ്ങൾ മിഴിതുറക്കും
മുഖം മിനുക്കിയൊരുങ്ങി നഗരമുണരും
ഗ്രാമവീഥികളിൽ പാട്ടുയരും
വിലക്കുകളില്ലാതെ ജീവിതം

പ്രവാഹമായി ഒഴുകിപ്പടരും
കൈകോർത്ത് നമ്മളാ കാഴ്ച കാണും.
ഒന്നും മറക്കാതെ,
കടന്നുവന്ന പകലിരവുകൾ
ഓർത്തുകൊണ്ട്…

ആ ശാന്തത തൻ ഭീതി
നെഞ്ചിൽ നിറച്ചു നിൽക്കവെ
നമ്മൾ തിരിച്ചറിയും
നമ്മൾക്കിടയിലെ ദൂരം
പിന്നെയുമെത്രയോ കുറഞ്ഞുവെന്ന്