Archives for October, 2017 - Page 320
ആമപ്പെട്ടി
ആമയുടെ പുറംതോടിന്റെ ആകൃതിയുള്ള മൂടിയോടുകൂടിയ ചെറിയ മരപ്പെട്ടി. പഴയതറവാടുകളില്‍ ആമപ്പെട്ടികള്‍ ആഭരണങ്ങളും മറ്റും ഇട്ട് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നു.
ആമപ്പലക
ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം മരപ്പലക. പ്‌ളാവുകൊണ്ട് ആമയുടെ രൂപത്തില്‍ കൊത്തിയുണ്ടാക്കുന്നതാണ്. ഒരുതരം ആവണപ്പലക തന്നെയാണിത്.
ആഭിചാരം
മന്ത്രവാദപരമായ ക്ഷുദ്രപ്രവൃത്തി. കൂടപത്രം (കൂടോത്രം), മാരണം, ഒടി, മറി തുടങ്ങിയ ദുര്‍മന്ത്രവാദ ക്രിയകള്‍. മന്ത്രവാദികള്‍ക്ക്, പ്രത്യേകിച്ച് ആഭിചാരകന്‍മാര്‍ക്ക് സമൂഹത്തില്‍ പണ്ട് നല്ല സ്ഥാനമുണ്ടായിരുന്നു. ആഭിചാരകര്‍മ്മംകൊണ്ട് ശത്രുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇതിനായി ആളുകള്‍ അവരെ ഉപയോഗിച്ചിരുന്നു.
ആനപ്പറ
ചിലക്ഷേത്രങ്ങളില്‍ ആനപ്പുറത്ത് തിടമ്പേറ്റി ഊരുചുറ്റി നെല്ലുംമറ്റും വഴിപാടായി സ്വീകരിക്കുന്ന ചടങ്ങ്. പറയെടുപ്പ് എന്നും പറയും. തിടമ്പ് എഴുന്നള്ളിക്കുന്നത് ശാന്തിക്കാരനായിരിക്കും. കഴകക്കാര്‍ വിളക്കുപിടിക്കും. മിക്ക ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഇതുണ്ടാകും.
ആദിത്യപൂജ
സൂര്യനമസ്‌ക്കാരം. നിത്യേന സൂര്യനമസ്‌ക്കാരം ചെയ്യുന്നത് നല്ലതാണെന്ന് പലരും കരുതുന്നു. മേടം പത്തിന് (പത്താമുദയത്തില്‍) മണ്ഡലം കുറിച്ച് വിളക്കുവച്ച് ആദിത്യപൂജ നടത്തുന്ന പതിവുണ്ട്.
ആതിരവ്രതം
ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്‌സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്‌സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്.
ആണ്ടിതാക്കല്‍
പ്‌ളാവില്‍ നിന്ന് അവസാനത്തെ ചക്ക പറിച്ചു താഴ്ത്തുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ഉത്തരകേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഓരോ പ്‌ളാവില്‍ നിന്നും ആണ്ടുതോറും ചക്ക പറിച്ചുതീര്‍ക്കുമ്പോള്‍, അവസാനത്തെ ചക്ക പറിച്ചുവീഴ്ത്തലും താഴെ നില്‍ക്കുന്നവന്‍ ചരല്‍ക്കല്ലുകള്‍ വാരി മേലേ്പാട്ടെറിയും. അടുത്ത വര്‍ഷവും ധാരാളം വിളവുണ്ടാകാനാണിത്.
ആണ്ടു പിറന്നാള്‍
ആണ്ടുതോറും വരുന്ന പിറന്നാള്‍. ജന്മനക്ഷത്രത്തിനു വരുന്ന ഇത് ആഘോഷിക്കാറുണ്ട്. ആയുഷ്‌കരങ്ങളായ കര്‍മ്മങ്ങളായ ക്ഷേത്രദര്‍ശനം, വഴിപാട് എന്നിവ നടത്താറുണ്ട്
ആണ്ടുനേര്‍ച്ച
മലബാറിലെ മുസ്‌ളീങ്ങള്‍ക്കിടയിലുള്ള ഒരു ആചാരം. റംസാന്‍ പതിനേഴിനോ, അതിനടുത്ത ഏതെങ്കിലും നാളിലോ ആണ് ആണ്ടുനേര്‍ച്ച നടത്തുന്നത്. ബദര്‍ ദിനാഘോഷം എന്നതും ഇതാണ്. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച മുസ്‌ളീങ്ങളെ (ബദരികളെ) അനുസ്മരിച്ചുകൊണ്ടു നടത്തുന്ന ആഘോഷം.
ആണ്ടിയൂട്ട്
സുബ്രഹ്മണ്യപ്രീതിക്കുവേണ്ടി നടത്തുന്ന ഒരു അനുഷ്ഠാനം. സുബ്രഹ്മണ്യഭക്തരായ ആണ്ടിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഊട്ട് (സദ്യ) എന്ന നിലയിലായിരിക്കാം തുടക്കം. കാവടിയെടുക്കുന്നവര്‍ക്കുള്ള സദ്യ എന്നം അര്‍ഥം.
