Archives for October, 2017 - Page 327
അരമണി
അനുഷ്ഠാനപരമായ പല നര്‍ത്തനങ്ങള്‍ക്കും അരയില്‍ ചെറിയ തരം മണികള്‍ കെട്ടാറുണ്ട്. കോമരം, വെളിച്ചപ്പാട്, ആയത്താന്‍ എന്നിവരുടെ ഉറഞ്ഞുതുള്ളലില്‍ അരമണികള്‍ കെട്ടും.
അരനാടന്‍
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ വസിച്ചുവരുന്ന ഒരു ആദിവാസി വിഭാഗം. നിലമ്പൂര്‍ പഴയ ഏറനാട് താലൂക്കിലാണ്. ഏറനാടന്‍ എന്ന വാക്കിന്റെ അപഭ്രംശരൂപമാണ് അരനാടന്‍.
അരച്ചമയം
കലാപ്രകടനങ്ങള്‍ക്ക് വേഷങ്ങള്‍ അരയില്‍ക്കെട്ടുന്ന അലങ്കാരവസ്തുക്കളും ആഭരണവിശേഷങ്ങളും. അരക്കച്ചയും പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കും. വിവിധതരത്തിലുള്ള ഉടയാടകളുമുണ്ട്.
അരങ്ങോല
തിറയാട്ടവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. വാദ്യഘോഷത്തോടും ആര്‍പ്പുവിളികളോടും കൂടി വീടുകള്‍തോറും ചെന്ന് ഇളനീര്‍, തേങ്ങ, കുരുത്തോല തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കുകയാണ് 'അരങ്ങോല'.
അരങ്ങ്
കലാനിര്‍വഹണത്തിനുള്ള രംഗവേദി. ആധുനികകലകള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഉയര്‍ന്ന രംഗവേദി നാടന്‍കലകള്‍ക്ക് ഉപയോഗിക്കാറില്ല. അവ തറയിലാണ് നടത്തുന്നത്.
അരങ്ങാറ്റ്
ഉത്തരകേരളത്തില്‍ പുലയസമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെ ഒരു സംസ്‌കാരകര്‍മ്മം. അരങ്ങേറ്റം എന്ന പദത്തില്‍ നിന്നായിരിക്കാം ഇതുണ്ടായത്. കൗമാരം കഴിഞ്ഞ് യുവത്വത്തിലേക്ക് കടക്കുന്ന പ്രായത്തിലാണ് അരങ്ങാറ്റ്. 'അരങ്ങാറ്റുകഴിഞ്ഞാല്‍ അരപ്പുലയന്‍' എന്നാണ് പഴമൊഴി.
അയ്യപ്പന്‍വിളക്ക്
അയ്യപ്പപൂജയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനം. ആര്‍ഭാടപൂര്‍വം നടത്തുന്ന അയ്യപ്പന്‍പാട്ടുതന്നെയാണ് അയ്യപ്പന്‍ വിളക്ക്.
അയ്യപ്പന്തെയ്യം
വേലന്മാര് കെട്ടിയാടി വരുന്ന ഒരു തെയ്യം. അയ്യന് സങ്കല്പത്തിലുള്ളതാണിത്.
അയ്യപ്പന്‍തീയാട്ട്
അയ്യപ്പന്‍ കാവുകളില്‍ തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല. ഉത്തരകേരളത്തില്‍ ഇതിന് അയ്യപ്പന്‍കൂത്ത് എന്നു പറയുന്നു.
അയ്യപ്പന്‍കൂത്ത്
ഉത്തരകേരളത്തിലെ അയ്യപ്പന്‍കാവുകളിലും ശാസ്താംക്ഷേത്രങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തിവരുന്ന ഒരനുഷ്ഠാന നൃത്തകല.
