മുഹ്യദ്ദീന് മാല
മാലപ്പാട്ട്
ഖാദി മുഹമ്മദ് ഇബ്നു അബ്ദുല്‍ അസീസ്
അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്യദ്ദീന് മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാസിയും അറബി മലയാള ഭാഷാകവിയും ഗ്രന്ഥകാരനുമായിരുന മുഹമ്മദ് ഇബ്നു അബ്ദുല്‍ അസീസ് ആണ് രചയിതാവ്. 1607 ആണ് രചനാകാലം. എഴുത്തച്ഛന് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടുമുമ്പുള്ള കാലം. മുഹ്യദ്ദീന് മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകള്‍ പിന്നീട് അറബി മലയാളത്തിലുണ്ടായി.ശൈഖ് മുഹ്യദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്ത്തുന്നതാണ് മുഹ്യദ്ദീന് മാല. മുഹ്യദ്ദീന് (മുഹ്യ്+ദീന്) എന്നാല്‍ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവന്‍ എന്നര്‍ത്ഥം. ഇറാഖിലെ ജീലാന്‍ പ്രദേശത്തുകാരനായതിനാലാണു ജീലാനി എന്നു വിളിക്കുന്നത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ഇസ്ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്യദ്ദീന് ശൈഖ് എന്നു വിളിക്കുന്നത്. പഴയ കാലങ്ങളില്‍ മുസ്ലിം തറവാടുകളില്‍ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. മുഹ്യദ്ദീന് മാലയുടെ നാനൂറാമതു വാര്‍ഷികം 2007ല്‍ ആചരിക്കുകയുണ്ടായി. ഈ സ്തുതിഗാനത്തില്‍ തന്നെ ഇതെഴുതിയ കാലത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
‘കൊല്ലം ഏഴുന്നൂറ്റീ ഏണ്പത്തി രണ്ടില്‍ ഞാന്‍
കോര്ത്തേന് ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാന്‍
മുത്തും മാണിക്യവും ഒന്നായി കോര്‍ത്തപോല്‍
മുഹിയുദ്ദീന് മാലേനെ കോര്ത്തേന് ഞാന്‍ ലോകരെ’.
പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈര്‍ഘ്യം 150നും 300 നുമിടയ്ക്ക് വരികളാണ്. മുഹ്യദ്ദീന് മാലയില്‍ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളുള്ള ‘അലിഫ്’ എന്ന മാണിക്യവും (പ്രാര്‍ത്ഥന), ഗദ്യത്തിലുള്ള പ്രാര്‍ത്ഥനയും പദ്യത്തിലുള്ള മുനാജാത്തും അടങ്ങിയിരിക്കുന്നു. മുനാജാത്തില് അറബി-തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആര്‍ജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും. വരമൊഴിയല്ല, അക്കാലത്തെ വാമൊഴിയാണ് കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്.
‘കോയീന്റെ മുള്ളോട് കൂകെന്ന് ചൊന്നാറെ
കൂസാതെ കൂകിപ്പരപ്പിച്ചു വിട്ടോവര്‍’
‘ചൊന്നവാറെ’, ‘വന്നവാറെ’ തുടങ്ങിയ പ്രാചീന മലയാളഭാഷാ പ്രയോഗങ്ങളുടെ തദ്ഭവമായ ‘ചെന്നാരെ’, ‘വന്നാരെ’ എന്നിങ്ങനെ മാലയില്‍ കാണുന്നു. പഴയ മലയാളം ബൈബിളിലെ ‘അന്നാറെ’, ‘എന്നാറെ’ തുടങ്ങിയ പദങ്ങളുമായുള്ള സാജാത്യം ശ്രദ്ധേയമാണ്.പുണ്യാത്മാക്കളുടെ ജീവാപദാനങ്ങളാണ് മാലപ്പാട്ടുകളുടെ ഉള്ളടക്കം. മാലപ്പാട്ടുകള്‍ കീര്‍ത്തനകാവ്യ വിഭാഗത്തില്‍പ്പെടുന്നവയാണ്. തമിഴകത്തെ ശൈവന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെ ശൈലി (കോര്‍വ്വ) പിന്തുടര്ന്നു കൊണ്ടാണ് അറബി മലയാളത്തിലെ കാവ്യങ്ങള്‍ രചിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. അറബിമലയാള പദ്യരചനാരീതി പലപ്പോഴും സവിശേഷമായ ഒരു മണിപ്രവാളരീതിയായി മാറുന്നു. മോയിന്‍കുട്ടി വൈദ്യര്, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ നവോത്ഥാനകാലകവികളുടെ കൃതികളില്‍ അറബി, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഫാര്‍സി, മലയാളം തുടങ്ങിയ ഭാഷാപദങ്ങള്‍ കാണാം.
മാല ചൊല്ലാന്‍ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ എന്ന പ്രാര്‍ത്ഥനയും കുടെയുണ്ട്. ആദ്യം പ്രവാചകനായ നബിയെ സ്തുതിക്കുന്നു. പാരായണം ചെയ്യാന്‍ പോകുന്ന ഖുര്‍ ആന്‍ സൂക്തങ്ങള്‍ മുഹ്യിദ്ദീന് ശൈഖിനു വേണ്ടി സമര്‍പ്പിക്കുന്നു. ശേഷം ഖുര്‍ആനിലെ സൂറത്തുല്‍ !ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു. തുടര്‍ന്ന് ഖുല്‍ഹുവല്ലാഹിയെന്നും, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്, ഖുല്‍ അഊദു ബിറബ്ബിന്നാസ് എന്നുമുള്ള ഖുര്‍ആനിലെ അവസാന അധ്യായങ്ങള്‍ ഓതുന്നു. അതിനുശേഷം ദുആ ചൊല്ലിത്തീര്‍ത്തു മാല ചൊല്ലാന്‍ തുടങ്ങുന്നു.
Leave a Reply