(ലേഖനസമാഹാരം)
എം.ഗോവിന്ദന്‍

1986ല്‍ സാഹിത്യപ്രവര്‍ത്തക സഹകര സംഘം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്. സംഘത്തിന്റെ 5000-ാമത് ഗ്രന്ഥമാണ്. എട്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അന്വേഷണത്തിന്റെ ആരംഭം, അന്വേഷണം തുടരുന്നു, സ്വല്പം ചിന്തിച്ചാലെന്ത്? മാനുഷികമൂല്യങ്ങള്‍, അറിവിന്റെ ഫലങ്ങള്‍, വ്യക്തികള്‍ വ്യവഹാരങ്ങള്‍, സ്ത്രീയെ! എനിക്കും നിനക്കും തമ്മിലെന്ത്?, നാലു ജീവചരിത്രക്കുറിപ്പുകള്‍ എന്നിങ്ങനെയാണ് എട്ടുഭാഗങ്ങള്‍. 99 ഉപന്യാസങ്ങളും പ്രഥമഭാഗത്തില്‍ ഒരു അനുബന്ധവുമുണ്ട്. ആകെ നൂറ് ഉപന്യാസങ്ങള്‍. ആയിരത്തോളം പേജ് വലുപ്പമുണ്ട്.
സമകാലീന ജീവിതത്തെ ശക്തമായി നോക്കിക്കാണുകയും അവയോട് ധിഷണാപരമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരു ഉന്നതാത്മാവിന്റെ മൗലികവും പ്രൗഢവുമായ അന്വേഷണവും ഈ ഗ്രന്ഥത്തിലെ ഉപന്യാസങ്ങളില്‍ ഉടനീളം സ്ഫുരിക്കുന്നുണ്ട് എന്ന് ഇതിന്റെ പ്രസാധകക്കുറിപ്പില്‍ പറയുന്നു.
പിന്‍തലമുറയ്ക്ക് ശരിയായ മാര്‍ഗം തെളിക്കുന്ന വെളിച്ചത്തിന്റെ ദിവ്യമായ പ്രഭ നമുക്കിവിടെ ദര്‍ശിക്കാം. ദുര്‍വിധി, മിത്തുകളിലൂടെ പര്യടനം, കലയുടെ മൗലിക ഭാവം, ദ്വന്ദ്വമാനവിചാരം, കടുന്തുടിയും ഓടക്കുഴലും വിപ്ലവത്തെപ്പറ്റി, പുതിയൊരു വിപ്ലവത്തിലേക്ക് എന്നിങ്ങനെയുള്ള ഓരോ ഉപന്യാസങ്ങളും ചിന്താബന്ധുരമാണ്.