(വ്യാകരണം)
ജോര്‍ജ്ജ് മാത്തന്‍

ഒരു മലയാളി പൂര്‍ണ്ണമായി മലയാളത്തില്‍ എഴുതിയ ആദ്യത്തെ മലയാള വ്യാകരണഗ്രന്ഥമാണ് മലയാഴ്മയുടെ വ്യാകരണം(1863) ജോര്‍ജ്ജ് മാത്തന്‍ ആണ് ഈ കൃതിയുടെ കര്‍ത്താവ്. മലയാള ഭാഷയില്‍ പല വ്യാകരണ ഗ്രന്ഥങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അവയുടെയെല്ലാം അസ്തിവാരം മാത്തന്‍ ഗീവറുഗീസിന്റെ വ്യാകരണമാണെന്ന് ഡോ.പി.ജെ.തോമസ് അഭിപ്രായപ്പെടുന്നു.1851ല്‍ ഗുണ്ടര്‍ട്ട് വ്യാകരണത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ എഴുതി പൂര്‍ത്തിയാക്കി അച്ചടിക്കായി നല്‍കിയെങ്കിലും 1863ല്‍ മാത്രമാണ് ഗ്രന്ഥം പുറത്തുവന്നത്. ആമുഖം മാത്രം ഇംഗ്ലീഷിലാണ്. 1852ല്‍ മാനുസ്‌ക്രിപ്റ്റിനെപ്പറ്റി ഹെന്റീ ബേക്കര്‍ (സീനിയര്‍) അടക്കമുള്ളവര്‍ എഴുതിയ നോട്ടുകളും ആമുഖത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. അക്ഷര ലക്ഷണം, പദലക്ഷണം എന്നീ രണ്ടു കാണ്ഡങ്ങളാണ് കൃതിക്കുള്ളത്. ഒന്നാം കാണ്ഡത്തില്‍ അക്ഷര സംജ്ഞകളും സന്ധികളും വിശദീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം കാണ്ഡത്തില്‍ നാമം, വചനം, അവ്യയം എന്നിവയെപ്പറ്റിയും പ്രതിപാദിക്കുന്നു.