ഡി.സി ബുക്‌സ് 2009

131 കഥകളുടെ സമാഹാരമാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരത്തിലുള്ളത്. ലളിതാംബിക അന്തര്‍ജനത്തിന്റെ ശതാബ്ദി വേളയിലാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചത്. പ്രസാധക കുറിപ്പില്‍ രവി ഡി.സി ഇങ്ങനെ പറയുന്നു:
”മലയാള ചെറുകഥാ സാഹിത്യത്തിന്റെ അമ്മയാണ് ലളിതാംബിക അന്തര്‍ജനം. ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വദശകങ്ങളില്‍ കേരള സമൂഹത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഉത്തമസൃഷ്ടികളിലൊരാളാണ് അവര്‍. ഒരു സ്ത്രീ സ്വന്തം അനുഭവ മണ്ഡലത്തെ കേന്ദ്രീകരിച്ച് പുരുഷന്മാര്‍ക്ക് അപ്രാപ്യമായ തലങ്ങളിലെ സ്ത്രീജീവിതത്തെ ആവിഷ്‌കരിക്കുന്നതിന്റെ ആദ്യകാല കാഴ്ചകള്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകളില്‍ കാണാം. തിരസ്‌കൃതയും പീഡിതയുമായ പെണ്ണിന്റെ ദുരന്തങ്ങളുടെ വേദനാജനകമായ അവസ്ഥയെ അവതരിപ്പിക്കുകയും അതിലൂടെ ആ അവസ്ഥയെ സൃഷ്ടിച്ച സാമൂഹിക സംവിധാനത്തെ നിശിതമായി വിമര്‍ശിക്കുകയുമായിരുന്നു അവര്‍ ചെയ്തത്.”

ഡോ.കെഎസ്.രവികുമാര്‍ എഴുതിയ അവതാരികയില്‍ നിന്ന്..

നിശ്ശബ്ദര്‍ക്ക് നാവു ലഭിച്ച കാലമായിരുന്നു മലയാളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍. സാംസ്‌കാരിക വ്യവഹാരങ്ങള്‍ ഒരു വഴിക്ക് ആ മാറ്റത്തിന് ആക്കംകൂട്ടുകയും മറ്റൊരുവഴിക്ക് മാറ്റത്തെ അടയാളപ്പെടുത്തുകയും ചെയ്തു. സാഹിത്യമായിരുന്നു അതിന്റെ മുഖ്യമാധ്യമം. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ കാല്‍ഭാഗം കഴിയുന്നതോടെ പ്രാന്തീകൃതരുടെ സ്വരം മലയാളസാഹിത്യത്തില്‍ പ്രകടമായി കേട്ടുതുടങ്ങി. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു ഗണം സ്ത്രീകളായിരുന്നു. കീഴാളര്‍, ഹൈന്ദവേതര ജനവിഭാഗങ്ങള്‍ എന്നിവരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും സ്വത്വപ്രകാശനസാധ്യതയില്ലാതിതുന്ന സാംസ്‌കാരിക കാലാവസ്ഥയായിരുന്നു മലയാളത്തിലും പുലര്‍ന്നുപോന്നത്. അതിനു മാറ്റം വരികയും തങ്ങളുടെ അനുഭവങ്ങളുടെയും ആലോചനകളുടെയും വിഭാവനകളുടെയും ആവിഷ്‌കാരം സര്‍ഗാത്മകരചനകളിലൂടെ നിര്‍വഹിക്കുകയും ചെയ്ത സ്ത്രീകള്‍ ഇക്കാലമാകുന്നതോടെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടംനേടിത്തുടങ്ങി.
അധിനിവേശത്തിന്റെ ഭാഗമായി കേരള സമൂഹത്തില്‍ പ്രസരിച്ച ആധുനികത (കൊളോണിയല്‍ മോഡേണിറ്റി)യുടെ വെളിച്ചമാണ് നവോത്ഥാന ചലനങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രധാന പ്രേരണ. അധിനിവേശാധുനികതയുടെ ഭാഗമായ ആശയലോകവും അതിന്റെ ഉപലബ്ധികളായ ഭൗതികോപാധികളും അതുവരെ നിലനിന്നിരുന്ന പരമ്പരാഗത ജീവിതരീതികളുടെ ഗതിക്രമത്തില്‍ സാരവത്തായ പരിവര്‍ത്തനം സൃഷ്ടിച്ചു. അത് പുതിയ സാമൂഹിക-സാംസ്‌കാരിക വ്യവഹാരങ്ങള്‍ക്ക് വഴിതുറന്നു. ഈ പശ്ചാത്തലത്തിലാണ് ആധുനികാര്‍ഥത്തിലുള്ള പൗരസമൂഹം ഇവിടെ രൂപപ്പെട്ടുവന്നത്. ഈ പരിവര്‍ത്തനാന്തരീക്ഷം മലയാള സാഹിത്യത്തില്‍ നവഭാവുകത്വം സൃഷ്ടിച്ചു. സമാന്തരമായി ആ ഭാവുകത്വചലനം സാമൂഹികമാറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു.
ജാതിശ്രേണിയിലെ സ്ഥാനത്തിന്റെയും കുലമഹിമയുടെയും അടിസ്ഥാനത്തില്‍ ആളുകളെ മതിച്ചിരുന്ന രീതിയില്‍നിന്ന് മാറി വൈയക്തികമായ കഴിവുകളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ആളുകള്‍ക്ക് പരിഗണന ലഭിക്കുന്ന സ്ഥിതിയിലേക്കുള്ള പരിവര്‍ത്തനം കൂടിയായിരുന്നു അത്-ഫ്യൂഡല്‍ മൂല്യങ്ങളില്‍നിന്ന് മുതലാളിത്ത മൂല്യങ്ങളിലേക്കുളള മാറ്റം. മുഖ്യധാരയില്‍ ഇടംകിട്ടാതെ പ്രാന്തീകൃതരായിക്കഴിഞ്ഞവര്‍ക്ക് സ്വയംപ്രകാശന സാധ്യത ലഭിക്കാന്‍ ഈ പരിവര്‍ത്തനം വഴിതെളിച്ചു. ഈ സംക്രമസന്ദര്‍ഭത്തില്‍ മലയാളത്തില്‍ ഉയര്‍ന്നുകേട്ട സ്ത്രീസ്വരമായിരുന്നു ലളിതാംബിക അന്തര്‍ജനം (1909-1987)

(കഥാകര്‍ത്രിയുടെ വാക്കുകള്‍ എന്ന ലേഖനം മലയാളം എന്ന വിഭാഗത്തില്‍ നല്‍കിയിട്ടുള്ളത് കാണുക)