പ്രകാശത്തിന്റെ ഉത്സവം
(സുഭാഷിത സമാഹാരം)
റവ.ഡോ. സാമുവല്‍ കാട്ടുകല്ലില്‍
ഇന്നത്തെ പത്തനംതിട്ട മലങ്കര കത്തോലിക്ക സഭ ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മുമ്പ് വൈദികനായിരിക്കുന്ന കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. കുറെവര്‍ഷങ്ങളായി ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തുട്ടുള്ള സുഭാഷിതങ്ങളുടെ സമാഹാരമാണിത്. നാല്പത് സുഭാഷിതങ്ങള്‍ ഇതിലുള്‍പ്പെടുന്നു. പരേതനായ ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്തയുടെ സന്ദേശവും പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്റെ അവതാരികയും ഈ ഗ്രന്ഥത്തെ വിശിഷ്ടമാക്കുന്നു. ഇതിന്റെ എഡിറ്റര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് അഡിഷണല്‍ ഡയറക്ടറായി വിരമിച്ച സുധക്കുട്ടിയാണ്.
പ്രകാശത്തിന്റെ ഉത്സവത്തിനു കൊടിയേറുമ്പോള്‍
പെരുമ്പടവം ശ്രീധരന്
(റവ. ഡോ. സാമുവല്‍ കാട്ടുകല്ലിലിന്റെ ‘പ്രകാശത്തിന്റെ ഉത്സവം’ എന്ന സുഭാഷിത സമാഹാരത്തിന് എഴുതിയ അവതാരിക)
‘തക്കസമയത്ത് പറഞ്ഞ വാക്ക് വെള്ളിത്താലത്തില്‍ വച്ച പൊന്നാരങ്ങപോലെ’ എന്ന് സദൃശവാക്യങ്ങളില്‍ വായിച്ചത് ഓര്‍മയില്ലേ? ഹൃദയവിശുദ്ധിയില്നിന്നു വരുന്ന വാക്കിനുമുണ്ടല്ലോ അങ്ങനെ ഒരഴക്. റവ. ഡോ.സാമുവല്‍ കാട്ടുകല്ലിലിന്റെ ‘പ്രകാശത്തിന്റെ ഉത്സവം’ വായിക്കുമ്പോള്‍ എന്റെ മനസ്സ് അങ്ങനെ ഒരു വിസ്മയം അനുഭവിച്ചു.
കഴിഞ്ഞ കുറെക്കാലം നമ്മുടെ പ്രഭാതങ്ങള്‍ അദ്ദേഹത്തിന്റെ സുഭാഷിതങ്ങള്കൊണ്ട് ധന്യമായിരുന്നു. അതു കേള്‍ക്കാന്‍ വേണ്ടി രാവിലെ റേഡിയോ തുറന്നുവയ്ക്കുന്ന എത്രയോ വീടുകളുണ്ടായിരുന്നു കേരളമൊട്ടാകെ! ജീവിതത്തെസംബന്ധിച്ച വിഹ്വലതകളും സന്ദേഹങ്ങളും നിരാശകളുംകൊണ്ട് മ്ലാനവും മൂകവുമായിരുന്ന മനസ്സിനെ സദ്വിചാരങ്ങളാല് നിറച്ച് കര്‍മോത്സുകവും കാരുണ്യപൂര്ണവുമാക്കിത്തീര്ക്കുകയായിരുന്നു ആ സുഭാഷിതങ്ങളുടെ ദൗത്യം. മൂല്യവിചാരത്തിന്റെ ആ വിനാഴികകള്‍ ശ്രോതാക്കള്‍ക്ക് ഇരുണ്ട വഴികളില്‍നിന്ന് ജീവിതത്തെ വെളിച്ചത്തിന്റെ നേര്‍ക്കു നയിക്കാനുള്ള ഉണര്‍വ് നല്‍കിയിരുന്നു. നീണ്ട രാത്രിയുടെ ഒടുവില്‍ കിഴക്കേ ആകാശത്തില്‍ മെല്ലെ തുടുക്കുന്ന സുപ്രഭാതത്തിന്റെ നടന്നടുക്കുന്ന ഒരനുഭവമായിരുന്നു എനിക്കത് ഉണ്ടാക്കിയിരുന്നത്. അപ്പോള്‍ ദൂരെ ചക്രവാളത്തിന്റെ വക്കുകളില്‍നിന്ന് ആ പഴയ പ്രാര്‍ഥനയുടെ നിശ്ശബ്ദമായ മുഴക്കവും ഞാന്‍ കേട്ടിരുന്നു: തമസോ മാ ജ്യോതിര്‍ഗമയ.
ആ സുഭാഷിതങ്ങളാണ് ഈ ‘പ്രകാശത്തിന്റെ ഉത്സവം’.
നാം ജീവിക്കുന്ന ആസുരമായ കാലത്തിന്റെ ക്ഷുദ്രയാഥാര്ഥ്യങ്ങളെക്കുറിച്ച് തന്റെ സുഭാഷിതങ്ങളില്‍ ഇടയ്ക്കിടയ്ക്ക് ഡോ.കാട്ടുകല്ലില്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും തിന്മയുടെ അന്ധകാരം വ്യാപിച്ചിരിക്കുന്നുവെന്ന് ഈ സുഭാഷിതങ്ങളില്‍ ഒരിടത്ത് അദ്ദേഹം നിരീക്ഷിക്കുന്നു. പാപവും അന്ധകാരവും നിറഞ്ഞ ഒരു കാലത്ത് ക്രിസ്തുവിന്റെ ജനനം മനുഷ്യവര്‍ഗത്തിനു നല്കിയ പ്രത്യാശയുടെയും പ്രസാദത്തിന്റെയും ഓര്‍മകളെ ധ്യാനിക്കുമ്പോള്‍ അന്നത്തെ യഹൂദയിലെന്നപോലെ ഇന്ന് നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിന്മ ഇരുള്‍പോലെ വ്യാപിച്ചിരിക്കുന്നു എന്ന് വ്യസനത്തോടെ ഡോ. കാട്ടുകല്ലില്‍ ഓര്‍മിപ്പിക്കുന്നത്, മുദ്രാവാക്യങ്ങളിലും വാഗ്ദാനങ്ങളിലും ഭ്രമിച്ച് ജനം യാഥാര്‍ഥ്യങ്ങള്‍ കാണാതെ പോയെങ്കിലോ എന്ന പേടികൊണ്ടാവുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതിനിടയ്ക്ക് മാറ്റങ്ങള്‍ക്കിടയില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. മൂല്യങ്ങള്‍ ഉപേക്ഷിച്ച മനുഷ്യനല്ലേ തിന്മയുടെ മൂര്‍ത്തിയെന്ന് അദ്ദേഹത്തിന്റെ മൗനം ഈ സുഭാഷിതങ്ങളില്നിന്ന് ചോദിക്കുന്നു.
തനിക്ക് കിട്ടിയ താലന്ത് താന്‍ എന്തുചെയ്തു? ഓരോ ആളും സ്വയംചോദിക്കേണ്ട ഒരു ചോദ്യമാണതെന്ന് ഡോ.കാട്ടുകല്ലില്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. സിദ്ധികളും സാഹചര്യങ്ങളും താന്‍ വിനിയോഗിച്ചിട്ടുണ്ടോ ശരിക്കും? അതോ അലസതയില്‍ മുഴുകി തന്റെ ഇല്ലവല്ലായ്മകള്ക്കും തോല്‍വികള്‍ക്കും വെറുതെ മറ്റുള്ളവരെ പഴിചാരുകയാണോ? ഒക്കെ അറിയാമെന്നു ഭാവിക്കുന്ന നാം ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
വ്യക്തിയെ അലട്ടുന്ന ഭൗതികവും ആത്മീയവുമായ പ്രശ്നങ്ങളെയും സമസ്യകളെയും ഉദാത്തമായ ഒരു ധാര്‍മിക ബോധത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്തുകൊണ്ട് തിന്മക്കെതിരെയുള്ള ചെറുത്തുനില്പിന് ആത്മാവിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ ഈ സുഭാഷിതങ്ങളിലൂടെ ഡോ. കാട്ടുകല്ലില്‍ നമ്മെ ഉപദേശിക്കുന്നു.
ഗഹനമായ ആലോചനകള്ക്കിടയില്നിന്ന് പെട്ടെന്ന് തെന്നിമാറി പ്രാര്‍ഥനകള്‍ക്ക് ഉച്ചഭാഷിണിയും ഉത്സവങ്ങള്‍ക്ക് ഘോഷയാത്രകളും നടത്തുമ്പോള്‍ ചിലരുടെ ഭക്തി മറ്റുചിലര്‍ക്ക് എങ്ങനെ ശല്യമായിത്തീരുന്നുവെന്ന് ചിന്തിക്കാനും അദ്ദേഹം നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് എതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണോ വിശ്വാസത്തിന്റെ തെളിവ്? അതാണോ ഭക്തിയുടെ അടയാളം?
അങ്ങനെ നിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഈ സുഭാഷിതങ്ങളിലേറെയും ഡോ.കാട്ടുകല്ലില്‍ ചര്‍ച്ച ചെയ്യുന്നത്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കു’ന്നതെങ്ങനെയെന്ന് ഒരു ഗുരുനാഥനെപ്പോലെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യസ്നേഹം കൊണ്ട് പൊള്ളുന്ന ഒരു ഹൃദയത്തിന്റെ ഉള്‍വെളിച്ചം ഈ സുഭാഷിതങ്ങളെ വിലോഭനീയമാക്കുന്നു.
നട്ടുച്ചയ്ക്ക് വിളക്കുംപിടിച്ച് എഥന്‍സിലെ തെരുവുകളിലൂടെ മനുഷ്യനെ അന്വേഷിച്ചുനടന്ന ഡയോജനീസിനെക്കുറിച്ച് ഈ സുഭാഷിതങ്ങളില്‍ ഒരിടത്ത് ഡോ.കാട്ടുകല്ലില്‍ സൂചിപ്പിക്കുന്നുണ്ട്. അതുപോലെ, മാനുഷികമായ നന്മകള് നഷ്ടപ്പെട്ട ഒരു കാലത്തിന്റെ ഇരുട്ടിലൂടെ മനുഷ്യനിലെ നന്മ അന്വേഷിച്ചുനടക്കുന്ന ഒരാളെ ഈ സുഭാഷിതങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു.
എല്ലാ സുഭാഷിതങ്ങളുടെയും പൊരുള്‍ ഇതാണ്: മറ്റുള്ളവരോടുള്ള സ്നേഹംപോലെ സുന്ദരവും വിശുദ്ധവുമായി വേറെ ഒന്നുമില്ല.
ഒരിക്കലും കൊടിയിറങ്ങാത്ത ‘പ്രകാശത്തിന്റെ ഉത്സവം’ കൂടാന്‍ എന്നെ വിളിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
പെരുമ്പടവം ശ്രീധരന്
തിരുവനന്തപുരം
12-11-2003
(ഗ്രന്ഥകാരന് ഇപ്പോള്‍ പത്തനംതിട്ട ബിഷപ്പാണ്. പേര് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്)
Leave a Reply