തിരുവനന്തപുരം: എന്‍ സി ശേഖര്‍ പുരസ്‌കാരം നടി നിലമ്പൂര്‍ ആയിഷയ്ക്ക്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍ സി ശേഖറിന്റെ സ്മരണാര്‍ഥം കണ്ണൂര്‍ ആസ്ഥാനമായ എന്‍ സി ശേഖര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം വി ഗോവിന്ദന്‍, കവി പ്രഭാവര്‍മ, ഡോ. വി പി പി മുസ്തഫ, ഇടയത്ത് രവി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച ജീവിതമാണ് നിലമ്പൂര്‍ ആയിഷയുടേതെന്ന് ജൂറി വിലയിരുത്തി. മത യാഥാസ്ഥിതിക ശക്തികളുടെ എതിര്‍പ്പിനെ മറികടന്ന് കൗമാരപ്രയാത്തില്‍ തന്നെ നാടകരംഗത്തെത്തി അരങ്ങില്‍ ഉറച്ചുനിന്നു. 80 പിന്നിട്ടിട്ടും നടി എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തക എന്ന നിലയിലും അവര്‍ മുമ്പന്തിയിലുണ്ട്.