41. ഭോഗക്കടലും കടന്നു ചെന്നു
രാഗാദി രാക്ഷസന്മാരെക്കൊന്നു
യോഗമണിയറ തന്നിലെഴും മഹാ-
ഭാഗനെൻ ദേശികൻ യോഗപ്പെണ്ണെ!-ഏതു
ഭാഗത്തിലായ്ക്കോട്ടെ ജ്ഞാനപ്പെണ്ണെ!

42. ചണ്ഡപ്രപഞ്ചക്കുഴിയിൽ നിന്നു
കുണ്ഡുലിയെന്ന കയറിൽ കൂടി
എണ്ണം പറഞ്ഞുള്ള യോഗവീടെത്തുന്ന
പുണ്യവാനെൻ ഗുരു യോഗപ്പെണ്ണെ!- ഏതു
വർണ്ണമായാലെന്തു? ജ്ഞാനപ്പെണ്ണെ!

 

43. വെള്ളവിചാരപ്പടങ്ങളിട്ടു
ഉള്ളകമൊക്കെ വിതാനിച്ചെങ്കിൽ
വള്ളുവനായാലും വെള്ളാളനായാലും
കൊള്ളാമെനിക്കവൻ യോഗപ്പെണ്ണെ!- ശുദ്ധ-
മുള്ളാടനാകട്ടെ ജ്ഞാനപ്പെണ്ണേ!

44. സാവധാനം യോഗക്കട്ടിലിന്മേൽ
വാവവയ്പ്പിച്ചു മനക്കുട്ടിയെ
പാവയെപ്പോലെ പരുങ്ങാതിരിക്കുന്ന
പാവനനെൻ ഗുരു യോഗപ്പെണ്ണെ!- ജാതി
ചോവനായാലെന്തു ജ്ഞാനപ്പെണ്ണെ!

45. ആലോലത്തു നിലാവമ്പിളിയും
കോലാഹലങ്ങളും കണ്ടും കേട്ടും
മേലാക്കം നോക്കി മനം ലയിപ്പിക്കുന്ന
വാലനുമെൻ ഗുരു യോഗപ്പെണ്ണെ!- പക്ഷെ
വേലനായാലെന്തു; ജ്ഞാനപ്പെണ്ണെ!