ഡി.എസ്.സി. പുരസ്കാരം അമിതാഭ് ബാഗ്ചിക്ക്
നേപ്പാള്‍: 2019ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്കാരം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് അമിതാഭ് ബാഗ്ച്ചിക്ക്. 2018ല്‍ ജൂണില്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ് എന്ന നോവലിനാണ് അംഗീകാരം. 25,000 യു.എസ്. ഡോളറാണ് (ഏകദേശം 17.7 ലക്ഷം രൂപ) പുരസ്കാരത്തുക. തിങ്കളാഴ്ച സമാപിച്ച നേപ്പാള്‍ സാഹിത്യസമ്മേളനത്തില്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പുരസ്കാരം ബാഗ്ചിക്ക് സമര്‍പ്പിച്ചു.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മൂന്നുതലമുറകളിലൂടെ കുടുംബബന്ധങ്ങളുടെ ആഴത്തിലേക്ക് വെളിച്ചംവീശുന്ന അസാധാരണ നോവലാണ് ഹാഫ് ദ നൈറ്റ് ഈസ് ഗോണെന്ന് ഹരീഷ് ത്രിവേദി അധ്യക്ഷനും ജെറമി തംബ്ലിങ്, കുന്ദ ദീക്ഷിത്, കാര്മന് വിക്രമഗമഗെ, റിഫാത് മുനിം എന്നിവര്‍ അംഗങ്ങളുമായ ജൂറി പാനല്‍ അഭിപ്രായപ്പെട്ടു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്.ഡി. നേടിയിട്ടുള്ള ബാഗ്ചി ഡല്‍ഹി ഐ.ഐ.ടി.യില്‍ അധ്യാപകനാണ്.