മലയാള ചലച്ചിത്ര ഗാന രചയിതാവാണ് ഒ.എസ്. ഉണ്ണികൃഷ്ണന്‍. 2014ലെ മികച്ച ഗാനരചിയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് ഓതറേത്ത് വീട്ടില്‍ ശിവശങ്കരപിള്ള-തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുണ്ടന്‍കാവ് ഗവ.ജെ.ബി. സ്‌കൂള്‍, കല്ലിശ്ശേരി ഹൈസ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് സര്‍വ്വകലാശാലയുടെ വിദൂര പഠനകേന്ദ്രം, ആചാര്യ നരേന്ദ്ര ഭൂഷന്റെ സരസ്വതീവൈദിക ഗുരുകുലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മംഗളം കണ്‍ഫഷനറി, മൈസൂര്‍ സോപ്‌സ് ആന്‍ഡ് ഡിറ്റെര്‍ജെന്റ്, എലൈറ്റ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളില്‍ സെയില്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു. 1999 മുതല്‍ എല്‍.ഐ.സി. ഏജന്റായി പ്രവര്‍ത്തിക്കുന്നു. 2010ല്‍ 'അവന്‍' എന്ന ചലച്ചിത്രത്തിന് ഗാനം രചിച്ചുകൊണ്ട് സിനിമാഗാന രംഗത്തേക്ക് വന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, എം.ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, ശ്വേതാമോഹന്‍, വിവേകാനന്ദന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ ആലപിച്ച അവനിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ ആദ്യ കവിതാ സമാഹാരമായ 'പറയാന്‍ മറന്നത്' ഓഡിയോ സി.ഡിയാക്കി. മുപ്പതോളം ആല്‍ബങ്ങളില്‍ ഗാനരചന നിര്‍വ്വഹിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി യു.പി.സ്‌കൂള്‍ നിര്‍മ്മിച്ച്, സുമോദ് ഗോപു സംവിധാനം ചെയ്ത 'ലസാഗു' എന്ന ചിത്രത്തിലെ ഗാനരചനക്ക് 2014ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു.