കുഞ്ഞനന്തന് നായര്‍ ബര്‍ലിന്‍ (ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍)
പത്രപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. 1926 നവംബര്‍ 26 ന് കണ്ണൂരിലെ ചെറുകുന്ന് കോളങ്കട പുതിയ വീട്ടില്‍ അനന്തന് നായരുടേയും, ശ്രീദേവി അമ്മയുടേയും മകനായി ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്കൂളിലും, തേഡ്ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്കൂളിലും, ഫോര്‍ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലന് തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന് പിന്നീട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാര്‍ട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോയിരുന്നു. സി.പി.എമ്മിലെ തെറ്റായ നയങ്ങളെ എതിര്‍ത്തതിനാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനു കാരണമായി. ദീര്‍ഘകാലം ജര്‍മ്മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി. പക്ഷേ 2005 മാര്‍ച്ച് മൂന്നിനു അദ്ദേഹത്തിന്റെ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മേല്‍കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. പി.കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിര്‍ദ്ദേശിച്ചത് കുഞ്ഞനന്തനേയായിരുന്നു. 1943 മേയ് മാസത്തില്‍ ബോംബെയില്‍ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത് കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. 1943ല്‍ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരില്‍ ജപ്പാനെതിരേ പ്രചാരണം നടത്തി. സൈനികരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കാനായി, സൈനിക ക്യാംപുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെറിയ ശാഖകള്‍ സ്ഥാപിക്കുവാന്‍ പാര്‍ട്ടി തീരുമാനിക്കുകയും, അതിനു വേണ്ടി കുഞ്ഞനന്തനോട് സൈന്യത്തില്‍ ചേരാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിക്കുകയും ചെയ്തു.
കൃതികള്‍
ഏകാധിപതികള്‍ അര്‍ഹിക്കുന്നത്
ഒളിക്യാമറകള്‍ പറയാത്തത്
പൊളിച്ചെഴുത്ത് (ആത്മകഥ)
Leave a Reply Cancel reply