കൊളാടി ഗോവിന്ദന്‍കുട്ടി മേനോന്
ഒന്നാം കേരള നിയമസഭയില്‍ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കൊളാടി ഗോവിന്ദന്‍കുട്ടി മേനോന്(1928 -13 ഓഗസ്റ്റ് 2003). കൊളാടി നാരായണന്റേയും കൊച്ചുകുട്ടിയുടെയും മകനായി 1928ലാണ് ഗോവിന്ദന്‍കുട്ടി മേനോന് ജനിച്ചത്. വെളിയങ്കോട്ടും ചാവക്കാട്ടുമായി സ്കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ അദ്ദേഹം ഇന്റര്‍മീഡിയറ്റ് പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിച്ചു. 1950ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രം, രാഷ്ടതന്ത്രശാസ്ത്രം എന്നിവയില്‍ ബിരുദം പൂര്‍ത്തിയാക്കി, മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു. സി.പി.ഐ.യുടെ പ്രതിനിധിയായാണ് കേരളനിയമസഭയിലെത്തിയത്. 1957ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.ജി. കരുണാകരമേനോനെ പരാജയപ്പെടുത്തി അണ്ടത്തോട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഒന്നാം കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഗോവിന്ദന്‍കുട്ടിക്ക് 26 വയസ്സായിരുന്നു. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു. 1984ല്‍ പൊന്നാനി ലോകസഭാമണ്ഡലത്തില്‍ നിന്ന് മുസ്ലിംലീഗിലെ ജി.കെ. ബനാത്ത്വാലയുമായി മത്സരിച്ചു പരാജയപ്പെട്ടു. വെളിയങ്കോട് പഞ്ചായത്തിന്റെ അദ്ധ്യക്ഷനായി 18 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു.[4]. മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിലെ കോതമുക്ക് ആണ് ഗോവിന്ദന് കുട്ടിയുടെ കുടുംബതറവാട്. കേരളാ സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഗോവിന്ദന്‍കുട്ടി മേനോന് നിരവധി പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാഗസിനായ ഭക്തപ്രിയയുടെ എഡിറ്റോറിയല്‍ അംഗമായും പ്രവര്‍ത്തിച്ചു. ഗോവിന്ദന്‍കുട്ടി മേനോന്റെ മൂത്ത സഹോദരന് കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണമേനോന് പൊന്നാനി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്.
കൃതികള്‍
വാല്മീകിരാമായണം (ഗദ്യ പരിഭാഷ)
ഒര്മ്മയില് ജീവിക്കുന്നവര്‍
ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി
എന്തുകൊണ്ട് വന്നേരി
Leave a Reply Cancel reply