നാടന്‍കലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്നു സി.എം.എസ്. ചന്തേര. ജനനം 1933  ഓഗസ്റ്റ് 26, മരണം: 2012. കാസര്‍കോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്തിലെ ചന്തേര മടിയന്‍ തറവാട്ടില്‍ സംസ്‌കൃത പണ്ഡിതനായ മങ്കത്തില്‍ കുഞ്ഞമ്പു എഴുത്തച്ഛന്റെയും മടിയന്‍ അക്കുവമ്മയുടെയും മകന്‍. ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഗുരുവായൂര്‍ പാവറട്ടി സംസ്‌കൃത കോളേജില്‍നിന്നു വിദ്വാന്‍ ബിരുദം. കോണ്‍ഗ്രസിലും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. വിമോചന സമര കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള സ്വതന്ത്രവിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കരിവെളളൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 1960ല്‍ അദ്ധ്യാപകജീവിതം ആരംഭിച്ചു. പിന്നീട് ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ഭാഷാദ്ധ്യാപകനായി മുപ്പത് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ 1987ലെ അദ്ധ്യാപക അവാര്‍ഡിലെ അനീതിയെക്കുറിച്ച് പത്രങ്ങളില്‍ ലേഖനമെഴുതി. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം കോടതി വിധി പ്രകാരമാണ് തിരിച്ചെത്തിയത്.
തെയ്യം തിറകളുടെ പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരില്‍ നോവലെഴുതിയത് സി.എം.എസ്. ചന്തേരയാണ്. 

കൃതികള്‍

പൂരക്കളി
അത്യുത്തരകേരളത്തിന്റെ അജ്ഞാത ചരിത്രം
മഞ്ഞാസുരമര്‍ദനം (കവിത)
ആലയകാണ്ഡം (നോവല്‍)
സത്യകല്ല് (നോവലുകള്‍)
ചെറുശ്ശേരിയുടെ ചമ്പുഗദ്യം
തെയ്യത്തിന്റെ ആദിരൂപം
കണ്ണകിയും ചീര്‍മക്കാവും
ശാക്തേയക്കാവുകള്‍
വടക്കെ മലബാറിലെ പാട്ടുത്സവം
വെളിച്ചത്തിലേക്ക് (നാടകം)
ത്യാഗവേദി (നാടകം)
ദേവീദര്‍ശനം (നാടകം)