പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ശ്രീരാമന്‍. ജനനം: 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍. അച്ഛന്‍ വേലപ്പന്‍, അമ്മ ദേവകി. സിലോണിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഏഴുവര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ അഭിഭാഷകനായി.
സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊല്‍ക്കത്തയും ആന്‍ഡമാനും തമിഴ്‌നാടും പശ്ചാത്തലമായുള്ളതാണ്. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളാണ്. പ്രമുഖ സംവിധായകരായ ജി. അരവിന്ദന്‍ (വാസ്തുഹാര (ചെറുകഥ), ചിദംബരം (കഥ)), കെ.ആര്‍. മോഹനന്‍ (പുരുഷാര്‍ത്ഥം), ടി.വി. ചന്ദ്രന്‍ (പൊന്തന്‍മാട) എന്നിവര്‍ ശ്രീരാമന്റെ കഥകള്‍ക്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷിലും ജര്‍മ്മനിലും നിരവധി ഇന്ത്യന്‍ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ശ്രീരാമന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എം അംഗമായി.12 വര്‍ഷം പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അധ്യക്ഷനായിരുന്നു. 1988 മുതല്‍ 1991 വരെ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു.

കൃതികള്‍

വാസ്തുഹാര (ചെറുകഥ)
ക്ഷുരസ്യധാര
ദുഃഖിതരുടെ ദുഃഖം
പുറം കാഴ്ചകള്‍
ചിദംബരം
എന്റോസി വലിയമ്മ
പുതുമയില്ലാത്തവരുടെ നഗരം
ചക്ഷുശ്രവണ ഗളസ്ഥമാം
വെളുത്ത പക്ഷിയെക്കാത്ത്
ശ്രീരാമന്റെ കഥകള്‍
ഇഷ്ടദാനം

പുരസ്‌കാരങ്ങള്‍

അബുദാബി ശക്തി അവാര്‍ഡ് -വാസ്തുഹാര
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് -ശ്രീരാമന്റെ കഥകള്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് -(മികച്ച സിനിമ) വാസ്തുഹാര
രാഷ്ടപതിയുടെ സുവര്‍ണ്ണ മയൂരം -ചിദംബരം എന്ന സിനിമക്ക്