ശ്രദ്ധേയനായ കവിയും അഭിനേതാവുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവരുടെ തലമുറയെ പിന്തുടര്‍ന്നുവന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്‌കരണതന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി.

1957 ജൂലൈ 30 ന് വടക്കന്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ അനുഭാവം പുലര്‍ത്തി. ജനകീയസാംസ്‌കാരികവേദി രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രവര്‍ത്തനവുമായും സഹകരിച്ചു. പല തൊഴിലുകള്‍ ചെയ്ത ശേഷം 1987ല്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി. 1999ല്‍ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനേതാവാണ്. ഭാര്യ: വിജയലക്ഷ്മി അറിയപ്പെടുന്ന കവയത്രിയാണ്. മകന്‍: അപ്പു.
1997ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്ത ക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍ സാഹിത്യകാരസംഘത്തില്‍ അംഗം. ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകള്‍ തര്‍ജമ ചെയ്യപ്പെട്ടു. 1990 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്‌കൃതി അവാര്‍ഡ് നിരസിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡും നിരസിച്ചിട്ടുണ്ട്.

കൃതികള്‍

പതിനെട്ട് കവിതകള്‍ (1980)
അമാവാസി (1982)
ഗസല്‍ (1987)
മാനസാന്തരം (1994)
ഡ്രാക്കുള (1998)
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ (സമ്പൂര്‍ണസമാഹാരം) (2000)
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയ കവിതകള്‍(2007)
പ്രതിനായകന്‍ (2000-2010 വരെ എഴുതിയ കവിതകള്‍)
    ചിദംബരസ്മരണ (അനുഭവക്കുറിപ്പുകള്‍)
    ജാലകം(തിരക്കഥ)
    പി.കുഞ്ഞിരാമന്‍ നായരും സവര്‍ണ്ണഹിന്ദുമതവും (പഠനം)