ജോസഫ് എം.സി. (എം.സി. ജോസഫ്)
യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് മൂക്കഞ്ചേരില്‍ ചെറിയാന് ജോസഫ് എന്ന എം.സി. ജോസഫ് (6 ജനുവരി 1887 – 26 ഒക്ടോബര്‍ 1981). മതനിയമങ്ങളെ ധിക്കരിക്കാനും ദിവ്യാത്ഭുതങ്ങളെ വെല്ലുവിളിക്കാനും അദ്ദേഹം തയ്യാറായി. ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
എറണാകുളം തൃപ്പൂണിത്തുറയില്‍ മൂക്കണഞ്ചേരി കുഞ്ഞിച്ചെറിയയുടെയും കുഞ്ഞാമ്മറിയയുടെയും മകനായി ജനിച്ചു. അഞ്ചുവയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. തൃപ്പൂണിത്തുറ സ്ക്കൂളിലും, എറണാകുളം സെന്റ്ആല്‍ബര്‍ട്സ് സ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനം ആരംഭിച്ചെങ്കിലും അതു തുടരാനായില്ല. മലബാര്‍ ഹെറാള്‍ഡ്, കൊച്ചിന് ആര്ഗസ്സ് എന്നീ പത്രങ്ങളുടെ ലേഖകനായി കുറച്ചുനാള്‍ ജോലി നോക്കി. പിന്നീട് ദിവാന് പേഷ്കര്‍ ഓഫീസില്‍ ഗുമസ്തനായി. എന്നാല്‍ ഏറെ താമസിയാതെ അതു രാജിവച്ച് തിരുവനന്തപുരത്തുപോയി പ്ളീഡര്‍ പരീക്ഷക്കു പഠിച്ചു. 1913ല്‍ പ്ളീഡര്‍ പരീക്ഷ ജയിച്ചു. അഭിഭാഷകവൃത്തി ആരംഭിച്ചത് ചേര്‍ത്തലയിലാണ്. പിന്നീട് ഇരിങ്ങാലക്കുടയില്‍ അഭിഭാഷകനായി.
യുക്തിവാദി എന്ന നിലയിലെ പ്രവര്‍ത്തനത്തിനു പുറമെ സഹോദര സംഘത്തിലെ പ്രവര്‍ത്തനത്തിലും, മിശ്രവിവാഹസംഘം പ്രവര്‍ത്തനത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. കുറച്ചുകാലം കൊച്ചിന് കോണ്‍ഗ്രസ്സിലും. എസ്.എന്‍.ഡി.പി.യിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട സഹകരണ ബാങ്ക്, കര്‍ഷകസംഘം എന്നിവയുടെ പ്രവര്‍ത്തനത്തിലും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
1981 ഒക്ടോബര്‍ 6ന് എം.സി.ജോസഫ് മരിച്ചു. നേരത്തെ അദ്ദേഹം ആവശ്യപ്പട്ടതനുസരിച്ച് മരണശേഷം ശരീരം കോഴിക്കോട് മെഡിക്കല്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിട്ടുകൊടുത്തു.ചേച്ചകുഞ്ഞ് ആണ് എം.സി.യുടെ ഭാര്യ.
സഹോദരന് അയ്യപ്പന്, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയ സമാനമനസ്കരുമായുള്ള ബന്ധം, കരുത്തുറ്റ ഒരു യുക്തിവാദി പ്രസ്ഥാനം കേരളത്തില്‍ പടുത്തുയര്‍ത്തുന്നതിന് എം.സി.ക്ക് സഹായകമായി. 1929ല്‍ സഹോദരന് അയ്യപ്പന് തുടങ്ങിയ യുക്തിവാദി മാസികയുടെ പത്രാധിപസമിതിയില്‍ എം.സിയും ഉണ്ടായിരുന്നു. കെ. രാജവര്മ്മതമ്പാന്, സി. കൃഷ്ണന്, സി.വി. കുഞ്ഞുരാമന് എന്നിവരോടൊപ്പം പിന്നീട് അതിന്റെ പത്രാധിപരായും ചുമതല വഹിച്ചു. 1975വരെ അതു നടത്തി. അതതുകാലത്ത് മതം കൊട്ടിഘോഷിക്കുന്ന ദിവ്യാത്ഭുതങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയും പലതിന്റെയും പൊള്ളത്തരം തുറന്നുകാണിക്കുകയും ചെയ്തു.
കൃതികള്‍
പ്രബോധനം (1947)
യുക്തിപ്രകാശം (1966)
ആശയസമരം (1976)
തിരഞ്ഞെടുത്ത കുറിപ്പുകള്‍ (1976)
ചിന്താവിപ്ളവം (1976)
നാസ്തികചിന്ത (1977)
സ്വതന്ത്ര ചിന്ത (1978)
കുട്ടിച്ചാത്തന് (1983)
എം.സിയുടെ ലേഖനങ്ങള്‍ (ഉപന്യാസങ്ങള്‍)(1991)
എം.സിയുടെ ദര്‍ശനങ്ങള്‍ (1995)
ജ്യോത്സ്യം ഒരു കപട ശാസ്ത്രം (2004) ഇന്ത്യന്‍ എത്തീസ്റ്റ് പബ്ളീഷേഴ്സ്
പുനര്ജന്മ സ്മരണകള്‍ (2004) ഇന്ത്യന്‍ എത്തീസ്റ്റ് പബ്ളീഷേഴ്സ്
കാലത്തിനു മുന്‍പെ നടന്നവര്‍ (2005) ഇന്ത്യന്‍ എത്തീസ്റ്റ് പബ്ളീഷേഴ്സ്
സ്മരണ
കലസാഹിത്യരംഗത്ത് മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഭകള്‍ക്കായി ഭാരതീയ യുക്തിവാദി സംഘം എം.സി. ജോസഫ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
.
Leave a Reply Cancel reply