പ്രമുഖ സാഹിത്യനിരൂപകന്‍, ആഖ്യായികാകാരന്‍

ജനനം 1862 ജനുവരി 2ന് തൃശൂര്‍ പുത്തന്‍പേട്ടയില്‍. സി. അന്തപ്പായി എന്നാല്‍ ചിറയത്തു വീട്ടില്‍ തൊമ്മന്‍ അന്തപ്പായി. തൃശൂര്‍ മലയാളം പ്രൈമറി സ്‌കൂളിലും സര്‍ക്കാര്‍ വക സ്‌കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എഫ്.എ. പാസായി. സംസ്‌കൃതഭാഷയില്‍ അവഗാഹം നേടി. ഫിലോസഫിയില്‍ ബിരുദം നേടിയ ശേഷം കൊച്ചി വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആഫീസ് ഗുമസ്തന്‍, രജിസ്‌ട്രേഷന്‍ സൂപ്രണ്ട്, സര്‍ക്കാര്‍ അച്ചുക്കൂടം സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊച്ചി ഗവണ്മെന്റ് സര്‍വീസില്‍ ക്രൈസ്തവര്‍ക്ക് നീതിലഭിക്കുന്നില്ല എന്ന് വ്യാജനാമത്തില്‍ ഒരു പത്രത്തില്‍ എഴുതുകയും ദിവാനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തതിനെത്തുടര്‍ന്ന് 1913ല്‍ അദ്ദേഹത്തിന് ഉദ്യോഗത്തില്‍നിന്ന് വിരമിക്കേണ്ടിവന്നു. ആറുവര്‍ഷത്തോളം രോഗശയ്യയിലായിരുന്നു. 1936 മെയ് 31ന് അന്തരിച്ചു.
ഒ.ചന്തുമേനോന്റെ അപൂര്‍ണനോവലായ ശാരദ പൂര്‍ത്തിയാക്കിയ എഴുത്തുകാരില്‍ ഒരാള്‍ എന്ന നിലയിലാണ് സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. വിമര്‍ശകനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയില്‍ ഗദ്യമെഴുതാന്‍ സമര്‍ഥനായിരുന്നു അദ്ദേഹം. 1890ല്‍ ഭാഷാപോഷിണിസഭ തൃശൂരില്‍ നടത്തിയ ഗദ്യരചനാമത്സരത്തില്‍ ഒന്നാമനായിരുന്നു. രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി, നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളില്‍ അന്തപ്പായിയുടെ ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചു.

കൃതികള്‍

നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം (നോവല്‍)
സുമാര്‍ഗപ്രകാശിക (ഗിബ്ബന്റെ ഒരു കൃതിയുടെ തര്‍ജമ)
ധര്‍മോപദേശിക
ശാരദ (ഉത്തരഭാഗം)
ഭാഷാനാടക പരിശോധന
(ദേവീവിലാസം, മാലതീമാധവം, സുഭദ്രാര്‍ജ്ജുനം എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങള്‍)