കുഞ്ചന്‍ നമ്പ്യാര്‍
പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. കവി എന്നതിലുപരി തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവായിരുന്നു. നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളലിനുവേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അവയുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണ്യനാണ് നമ്പ്യാര്‍.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്കുന്ന രേഖകളൊന്നുമില്ല. പാലക്കാട് ജില്ലയിലെ ലക്കിടി റെയില്‍വേ സ്റ്റേഷനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയില്‍ ജീവിച്ചു. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികള്‍ പ്രസിദ്ധമാണ്:
‘ ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാന് ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിന്‍പദാംഭോരുഹം ‘
1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്ത്തതിനെത്തുടര്ന്ന് നമ്പ്യാര്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റി. മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തെ തുടര്‍ന്ന് ഭരണമേറ്റ കാത്തികതിരുനാളിന്റെയും (ധര്‍മ്മരാജാവ്) ആശ്രിതനായി ജീവിച്ചു.
‘ കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.’
എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770ലായിരുന്നു മരണം എന്ന് കരുതുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥയുമുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍. തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാര്‍. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നൃത്തം ചെയ്യുകയായിരുന്നു. അദ്ദേഹംതന്നെ ഇങ്ങനെ പാടി:
‘ പാല്‍ക്കടല്‍ത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെന്‍
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാന്‍ ‘
തുള്ളലുകളുടെ ഭാഷയായി നമ്പ്യാര്‍ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ തന്നെ ആയിരിക്കണം എന്ന് നമ്പ്യാര്‍ പറഞ്ഞിട്ടുണ്ട്:
‘ ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്വരും ‘
സംസ്കൃതത്തില്‍ എഴുതിയ രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നയാണെന്ന് ഒരു വാദം മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും എഴുതിയ ആളാണ് രാമപാണിവാദന്‍.
ഓട്ടന്‍, ശീതങ്കന്‍, പറയന് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതിയതായി പറയപ്പെടുന്നു. പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് നാല്‍പ്പത് തുള്ളലുകളാണ്.
കൃതികള്‍
ഓട്ടന്‍ തുള്ളലുകള്‍
സ്യമന്തകം
കിരാതം വഞ്ചിപ്പാട്ട്
കാര്‍ത്തവീര്യാര്‍ജ്ജുനവിജയം
രുഗ്മിണീസ്വയംവരം
പ്രദോഷമാഹാത്മ്യം
രാമാനുജചരിതം
ബാണയുദ്ധം
പാത്രചരിതം
സീതാസ്വയംവരം
ലീലാവതീചരിതം
അഹല്യാമോഷം
രാവണോത്ഭവം
ചന്ദ്രാംഗദചരിതം
നിവാതകവചവധം
ബകവധം
സന്താനഗോപാലം
ബാലിവിജയം
സത്യാസ്വയംവരം
ഹിദിംബവധം
ഗോവര്‍ദ്ധനചരിതം
ശീതങ്കന്‍ തുള്ളലുകള്‍
കല്യാണസൗഗന്ധികം
പൗണ്ഡ്രകവധം
ഹനുമദുത്ഭവം
ധ്രുവചരിതം
ഹരിണീസ്വയംവരം
കൃഷ്ണലീല
ഗണപതിപ്രാതല്‍
ബാല്യുത്ഭവം
പറയന് തുള്ളലുകള്‍
സഭാപ്രവേശം
പുളിന്ദീമോഷം
ദക്ഷയാഗം
കീചകവധം
സുന്ദോപസുന്ദോപാഖ്യാനം
നാളായണീചരിതം
ത്രിപുരദഹനം
കുംഭകര്‍ണ്ണവധം
ഹരിശ്ചന്ദ്രചരിതം
തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്.
പഞ്ചതന്ത്രം കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം
രുഗ്മിണീസ്വയംവരം പത്തുവൃത്തം
ശീലാവതി നാലുവൃത്തം
ശിവപുരാണം
നളചരിതം കിളിപ്പാട്ട്
വിഷ്ണുഗീത
Leave a Reply Cancel reply