ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. 1949 ല്‍ ചാവക്കാടിനടുത്തുള്ള ഏനാമാവില്‍ ജനനം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തുള്ള ചക്കുംകണ്ടം സ്വദേശി. എം.കെ. സൈതാലിക്കുട്ടിയുടേയും പണിക്കവീട്ടില്‍ തിരുനെല്ലി കുഞ്ഞാമിനയുടേയും മകന്‍. ഗുരുവായുര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ് പന്ത്രണ്ട് വര്‍ഷത്തോളം യു.എ.ഇയിലെ അബുദാബിയില്‍ ജോലിചെയ്തു. പ്രവാസജീവിതത്തിനുശേഷം നാട്ടിലും ചില ബിസിനസ്സുകള്‍ നടത്തിവന്നു. മഗ്‌രിബ് ആണ് കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രം. ഇപ്പോള്‍ ഏനാമാവിനടുത്ത് പഞ്ചാരമുക്കില്‍ താമസം. ഭാര്യ: ഐഷാബി. മക്കള്‍ രജത, രജ്ഞിത്.

കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത മഗ്‌രിബ്(1993), ഗര്‍ഷോം (1998), പരദേശി (2007) എന്നീ ചിത്രങ്ങള്‍ നിരൂപകപ്രശംസയും പുരസ്‌കാരങ്ങളും നേടി. അശ്വത്ഥമാവ്, സ്വരൂപം, പുരുഷാര്‍ഥം എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. ഉപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘അറിയപ്പെടാത്ത മലപ്പുറം’ എന്ന ഒരു ഡോക്യുമെന്ററിയും കുഞ്ഞുമുഹമ്മദ് നിര്‍മ്മിച്ചു. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദ് 1994 ലും 1996 ലും ഗുരുവായുര്‍ മണ്ഡലത്തില്‍ നിന്ന് സി.പി.എം. സ്വതന്ത്ര എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. കൈരളി ടിവിയില്‍ അവതരിപ്പിച്ചു വരുന്ന പ്രവാസലോകം എന്ന പരിപാടി നിരവധി എപ്പിസോഡുകള്‍ പിന്നിട്ടു. കാണാതാവുന്ന പ്രവാസി ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള ഒരു പരിപാടിയാണിത്. കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മലബാറിലെ പ്രഗല്ഭ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള വീരപുത്രന്‍ എന്ന ചിത്രമാണ് പുതിയ ചിത്രം. ഈ ചിത്രത്തിന്റെ കഥ എന്‍.പി. മുഹമ്മദിന്റേതാണ്.

പുരസ്‌കാരങ്ങള്‍

ഏറ്റവും നല്ല നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് -മഗ്‌രിബ് 1993
ഏറ്റവും നല്ല കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം-പരദേശിയുടെ കഥയ്ക്ക്(2008)