കുണ്ടൂര്‍ നാരായണമേനോന്
പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ മലയാള കവിയാണ് കുണ്ടൂര്‍ നാരായണമേനോന്. തൃശൂരിനടുത്ത് ഊരകം ദേശത്തുള്ള കുണ്ടൂര്‍ തറവാട്ടില്‍ കല്യാണിയമ്മയുടെയും കോമത്ത് കൃഷ്ണമേനോന്റെയും മകനായി 1861ല്‍ ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍നിന്ന് മലയാളം ഐച്ഛികമായി ബി.എ. പാസ്സായി. കോഴിക്കോട് പൊലീസ് ട്രെയിനിങ് കോളജില്‍നിന്നു പരിശീലനം നേടിയ ഇദ്ദേഹം കൊച്ചി പൊലീസ് സൂപ്രണ്ട് ഓഫീസില്‍ ഹെഡ്ക്ളാര്‍ക്കായി. കുറച്ചുനാള്‍ തഹസില്‍ദാരായിരുന്നു. പാലിയം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയില്‍ ശ്രദ്ധേയനായി. കൊ.വ. 1065ല്‍ വിദ്യാവിനോദിനി ആരംഭിച്ചതുമുതല്‍ നിരന്തരമായി സാഹിത്യസേവനത്തില്‍ മുഴുകി. വെണ്മണി പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടി. പച്ചമലയാളത്തില്‍ കവിതയെഴുതുന്നതിനു കുഞ്ഞിക്കുട്ടന്‍ തമ്പുരാന് പോലും കുണ്ടൂരിനു തുല്യനായിരുന്നില്ല എന്നും, നല്ല ഭാഷ തിരിയാണെങ്കില്‍ കോമപ്പന്‍ അതില്‍നിന്നും കൊളുത്തിയ പന്തമാണെന്നും ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.1936ല്‍ (കൊ.വ. 1111 കര്‍ക്കടകം 4) കുണ്ടൂര്‍ നാരായണമേനോന് അന്തരിച്ചു.
കൃതികള്‍
കോമപ്പന്‍, കൊച്ചി ചെറിയ ശക്തന്തമ്പുരാന്, പാക്കനാര്‍, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തന് തുടങ്ങി പന്ത്രണ്ടു കാവ്യങ്ങള്‍
കിരാതം പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങള്‍
രത്നാവലി, ദ്രൗപദീഹരണം, പ്രമദ്വരാചരിതം തുടങ്ങിയവ കൂട്ടുകവിത
കോമപ്പന്‍, കൊച്ചി ചെറിയ ശക്തന്തമ്പുരാന്, പാക്കനാര്‍, കണ്ണന് എന്നിവ ചേര്‍ത്ത് നാലുഭാഷാകാവ്യങ്ങള്‍
ശബ്ദത്തിനും അര്‍ഥത്തിനും പ്രാധാന്യം നല്‍കിയുള്ള രചനയ്ക്കു മികച്ച ദൃഷ്ടാന്താണ് പാക്കനാറിലെ ശ്ലോകങ്ങള്‍. ഒരു മാതൃക:
'ഉണ്ടോ നേരത്തുടുക്കും തളിരൊടമരടി
ക്കും ചൊടിക്കും ചൊടിക്കും
കൊണ്ടല്‍ക്കേറെക്കടുക്കുന്നഴകുമൊരുമിടു
ക്കും മുടിക്കും മുടിക്കും
കണ്ടാലുള്‍ക്കാമ്പിടിക്കുന്നഴലുകിടപിടി
ക്കും പിടിക്കും പിടിക്കും
കൊണ്ടാടേണ്ടും നടയ്ക്കും മുടിയഴിയുമിടയ്
ക്കൊന്നടിക്കുന്നടിക്കും'.
Leave a Reply Cancel reply