ഗോവി കെ.എം (കെ.എം.ഗോവി)
ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്ര ഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവാണ് കെ.എം. ഗോവി (17 ജൂണ്‍ 1930-3 ഡിസംബര്‍ 2013). തലശ്ശേരി സ്വദേശിയായ ഗോവി കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മലയാളം അച്ചടിയെക്കുറിച്ചും ലൈബ്രറി സയന്‍സിനെക്കുറിച്ചും ഗവേഷണസ്വഭാവമുള്ള പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ലൈബ്രറി സയന്‍സ് എന്ന പുസ്തകമാണ് ഗ്രന്ഥാലയശാസ്ത്രത്തെ സംബന്ധിച്ച മലയാളത്തിലെ ആദ്യഗ്രന്ഥം. ‘നമ്മുടെ ഗ്രന്ഥാലയശാസ്ത്രത്തിന്റെ വിജ്ഞാനശേഖരത്തിലേക്കു് ഏറ്റവുമധികം സംഭാവന ചെയ്ത ഏറ്റവും പ്രാമാണികനായ ലൈബ്രറി ശാസ്ത്രജ്ഞന്’ എന്ന് ടി.എന്‍. ജയചന്ദ്രന് ഗോവിയെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിരുദമെടുത്തതിനു തൊട്ടുപിന്നാലെ മദിരാശിയിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജിലുള്ള സെക്രട്ടറിയേറ്റില്‍ അദ്ദേഹം ഗുമസ്തനായി. (ഇന്ത്യയിലെ അച്ചടിസാങ്കേതികതയുടെ ചരിത്രത്തിലെ ഒരു പ്രധാന സ്ഥാപനം കൂടിയാണ് ഫോര്‍ട്ട് സെന്റ് ജോര്‍ജ്). 1952 ഏപ്രിലില്‍ കോഴിക്കോട് മലബാര്‍ ജില്ലാ ലൈബ്രറി അതോറിട്ടിയിലെ ഡിസ്ട്രിക്റ്റ് ലൈബ്രേറിയനായി ഗോവി നിയമിതനായി. പുതിയ ലൈബ്രറി നിയമം നടപ്പിലാക്കുന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഈ നിയമനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മലബാറിലുടനീളം പതിനഞ്ചു ബ്രാഞ്ചു ലൈബ്രറികളും ഡെലിവറി സ്റ്റേഷനുകളും സംഘടിപ്പിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഗണ്യമായ വിഭാഗമുള്‍പ്പെടെ സാമാന്യം ഭേദപ്പെട്ട ഒരു പുസ്തകശേഖരം കോഴിക്കോടും അദ്ദേഹം ഉണ്ടാക്കി. 1956ലാണ് കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയില്‍ ജോലിക്കുചേര്‍ന്നത്. 1970 ല്‍ കേരള സാഹിത്യ അക്കാദമിക്കുവേണ്ടി മലയാള ഗ്രന്ഥസൂചി തയ്യാറാക്കാന്‍ തുടങ്ങി. 1772 മുതല്‍ 1970 വരെയുള്ള പുസ്തകങ്ങളുടേതായിരുന്നു ആദ്യത്തെ വോള്യം. സാഹിത്യം, വിജ്ഞാനസാഹിത്യം എന്നീ രണ്ടു ഭാഗങ്ങളിലായാണ് ആദ്യ വോള്യം. 1973 ല്‍ ഇത് പ്രകാശനംചെയ്തു. 1970 മുതല്‍ 1975 വരെ വരെയുള്ള പുസ്തകങ്ങളായിരുന്നു രണ്ടാമത്തെ വോള്യത്തില്‍ . തുടര്‍ന്ന് 2000 വരെ ഓരോ അഞ്ചുവര്‍ഷത്തെയും പുസ്തകങ്ങളടങ്ങുന്ന വോള്യങ്ങള്‍ പുറത്തിറക്കി. ആറ് വോള്യങ്ങളായി 1995 വരെയുള്ള ഗ്രന്ഥസൂചി പുറത്തിറക്കി. 1996 മുതല്‍ 2000 വരെയുള്ള ഗ്രന്ഥസൂചി തയ്യാറാക്കി അക്കാദമിക്ക് നല്‍കിയെങ്കിലും പുസ്തകരൂപത്തില്‍ പുറത്തിറക്കിയിട്ടില്ല. 2013 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്കി. 2013 ഡിസംബര്‍ 3 ന് അന്തരിച്ചു.
കൃതികള്‍
ലൈബ്രറിസയന്‍സ്
ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും
കാറ്റലോഗ് നിര്‍മ്മാണം
പുസ്തകവും വായനയും
കാറ്റലോഗും ഗ്രന്ഥസൂചിയും
നമ്മുടെ റഫറന്‍സ് സാഹിത്യം
പുസ്തകവും വായനയും
മുത്തുസ്വാമി ദീക്ഷിതര്‍
ശ്യാമശാസ്ത്രി
പുരസ്കാരങ്ങള്‍
1999 ല്‍ ‘ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും’ എന്ന പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം 2013
Leave a Reply Cancel reply