ചെറുശ്ശേരി നമ്പൂതിരി
ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി. ഉത്തരകേരളത്തില്‍ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയില്‍ ചെറുശ്ശേരി ഇല്ലത്തില്‍ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ മൈസൂര്‍ പടയോട്ടക്കാലത്ത് ഉത്തരകേരളത്തില്‍നിന്ന് അനേകം നമ്പൂതിരി കുടുംബങ്ങള്‍ സ്ഥലംവിട്ടു. കൂട്ടത്തില്‍ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തില്‍ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.
കൃഷ്ണഗാഥയുടെ കര്‍ത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881ല്‍ പുറത്തിറങ്ങിയ ഭാഷാചരിത്രത്തില്‍ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
പ്രാചീന കവിത്രയത്തില്‍ ഒരാളായിരുന്നു ചെറുശ്ശേരി. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളില്‍ ദര്‍ശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തിയിരുന്ന മലനാട്ടിലെ കവികള്‍ക്കിടയില്‍ ഭാഷാകവി എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന്‍ കഴിയുന്നത് കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് ചെറുശ്ശേരി.
Leave a Reply Cancel reply